ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്. ഖലിസ്ഥാനി ഭീകര സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിനെതിരെ അമേരിക്ക നടപടി സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. മഹാകുംഭമേള നടന്ന പ്രയാഗ്‌രാജില്‍നിന്ന് ശേഖരിച്ച ഗംഗാജലമാണ് ഗബ്ബാര്‍ഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത്. പ്രധാനമന്ത്രിയുമായി അവര്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
ഇന്ത്യ – യു.എസ് പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചും ഭീകരവാദം നേരിടുന്നതിനെക്കുറിച്ചും, സൈബര്‍സുരക്ഷ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. നേരത്തെ ഇന്ത്യയും അമേരിക്കയ്ക്കും ഇടയിലുള്ള ഇറക്കുമതി തീരുവ അടക്കമുള്ള വിഷയങ്ങളില്‍ തുള്‍സി ഗബ്ബാര്‍ഡ് പ്രതികരിച്ചിരുന്നു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതല ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയ അവര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ സഹകരണം ശക്തമാക്കാനുള്ള അവസരമാണിതെന്ന് ചൂണ്ടിക്കാട്ടി. ‘ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളാണ് പ്രധാനമന്ത്രി മോദി സ്വീകരിക്കുന്നത്. സമാനമായി അമേരിക്കയുടെയും അവിടുത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇറക്കുമതി തീരുവ അടക്കമുള്ളമുള്ള വിഷയങ്ങളില്‍ മികച്ച പരിഹാരമുണ്ടാക്കാനാണ് ട്രംപും മോദിയും ശ്രമിക്കുന്നത്-ഗബ്ബാര്‍ഡ് വ്യക്തമാക്കി.