ഹൈദരാബാദ്: തെലങ്കാന കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയത് റിസര്‍വ് ബാങ്കില്‍ നിന്ന് 4,000 കോടി രൂപ വായ്പയെടുത്താണെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്ലാമാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നല്‍കി. വായ്പയെടുത്തതോടെയാണ് ഇത് സാധ്യമായത്. ഇത് തുടരണമെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇനിയും ലോണ്‍ എടുക്കേണ്ടിവരും. പണലഭ്യതയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഡിയര്‍നെസ് അലവന്‍സ് (ഡിഎ) ഉള്‍പ്പെടെയുള്ളവ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും രേവന്ത് റെഡ്ഡി അഭ്യര്‍ത്ഥിച്ചു. എല്ലാ കണക്കുകളും ജീവനക്കാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. എന്ത് നല്‍കണമെന്നും തടഞ്ഞുവെയ്ക്കണമെന്നും നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഡിഎയും ആനുകൂല്യങ്ങളും ജീവനക്കാരുടെ അവകാശമാണ്. എന്നാല്‍ അത് ഇപ്പോള്‍ വേണമെന്ന് പറയരുതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.