ഗാർലൻഡ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: പി.സി. മാത്യുവിന്റെ പ്രചാരണ ട്രഷററായി പ്രൊഫ. ബിൽ ഇൻഗ്രാം

Global Indian Writer · November 21, 2026 · 1 min read · 0 Comments · 0 Shares

പി.പി. ചെറിയാൻ

ഡാളസ്: 2027 മേയ് 1ന് നടക്കുന്ന ഗാർലൻഡ് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് 3 തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.സി. മാത്യുവിന്റെ പ്രചാരണ ട്രഷററായി ഡാളസ് കോളജ് ഇംഗ്ലീഷ് പ്രൊഫസറും സാമൂഹിക പ്രവർത്തകനുമായ ബിൽ ഇൻഗ്രാം പ്രവർത്തിക്കും. മാത്യുവിന്റെ 2025ലെ ഗാർലൻഡ് മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ട്രഷററായിരുന്ന ഇൻഗ്രാം, ഇത്തവണയും അദ്ദേഹത്തിന്റെ പ്രചാരണസംഘത്തിന്റെ ഭാഗമാകുകയാണ്.

ഗാർലൻഡ് എൻവയൺമെന്റൽ ആൻഡ് കമ്മ്യൂണിറ്റി അഡ്‌വൈസറി ബോർഡിന്റെ (ECAB) വൈസ് ചെയർമാനാണ് ഇൻഗ്രാം. മേയറുടെ നിയമനപ്രകാരം ബോർഡ് അംഗമായ അദ്ദേഹം പിന്നീട് വൈസ് ചെയർമാനായി. ഗാർലൻഡ് ഗസറ്റിലെ ലേഖകനും ദീർഘകാല എൻബിഎ ബാസ്‌കറ്റ്ബോൾ വിശകലന വിദഗ്ധനുമായ ഇൻഗ്രാം, ട്രെയിൽ കമ്മ്യൂണിറ്റിയിൽ പ്രസിഡന്റായും മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ഷോഴ്‌സ് ഓഫ് വെല്ലിങ്ടൺ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റെന്ന നിലയിലുള്ള മാത്യുവിന്റെ പ്രവർത്തനങ്ങളും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും പരിഗണിച്ചാണ് അദ്ദേഹം വീണ്ടും പിന്തുണയുമായി മുന്നോട്ടുവന്നത്.

നഗരത്തിലെ വിവിധ ബോർഡുകളിലും സാമൂഹിക സംഘടനകളിലും പ്രവർത്തിച്ച അനുഭവവുമായാണ് പി.സി. മാത്യു ജനവിധി തേടുന്നത്. നിലവിൽ മേയറുടെ നിയമനപ്രകാരം ഗാർലൻഡ് TIF നമ്പർ 2 സൗത്ത് ബോർഡ് അംഗമായ അദ്ദേഹം, ഷോഴ്‌സ് ഓഫ് വെല്ലിങ്ടൺ ഹോം ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമാണ്. ഗാർലൻഡിന്റെ പരിസ്ഥിതി ഉപദേശക ബോർഡിലും മുതിർന്ന പൗരന്മാരുടെ ഉപദേശക കമ്മീഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലീഡർഷിപ്പ് ഗാർലൻഡ്, ഗാർലൻഡ് സിറ്റിസൺസ് പോലീസ് അക്കാദമി, സിറ്റിസൺസ് ഫയർ അക്കാദമി എന്നിവ പൂർത്തിയാക്കിയ മാത്യു, ടെക്സസ് ഇൻഷുറൻസ് വകുപ്പിൽ ഫിനാൻഷ്യൽ എക്സാമിനറായും പ്രവർത്തിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് മേഖലകളിലെ അനുഭവത്തിനൊപ്പം ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗമെന്ന നിലയിലുള്ള പ്രവർത്തനപരിചയവും അദ്ദേഹത്തിനുണ്ട്.

2021ലെ ഡിസ്ട്രിക്ട് 3 തിരഞ്ഞെടുപ്പിൽ മത്സരിച്ച നാലു സ്ഥാനാർഥികളിൽ രണ്ടാമതെത്തി റൺഓഫിലേക്ക് യോഗ്യത നേടിയ മാത്യു, 2025ലെ മേയർ തിരഞ്ഞെടുപ്പിൽ ആറു സ്ഥാനാർഥികളിൽ മൂന്നാമതെത്തിയിരുന്നു. തുടർന്ന് നടന്ന റൺഓഫിൽ ഇപ്പോഴത്തെ മേയർ ഡിലൻ ഹെഡ്രിക്കിന് പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ വിജയത്തിന് പിന്നിൽ പി. സി. യുടെ ശക്തമായ പ്രവർത്തനവും ജനപിന്തുണയും ആയിരുന്നുവെന്നു തെരഞ്ഞെടുപ്പ് സസൂഷ്മം പഠിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ സിറ്റി കൌൺസിൽ മെമ്പർ പി. സി. മാത്യുവുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ തന്റെ ഒഴിവിൽ പി. സി. ജയിക്കുമെന്ന് പ്രത്യാശപ്രകടിപ്പിച്ചു. പി. സി. മാത്യു ജയിക്കുന്നതോടെ മലയാളികൾക്ക് ഒരു അഭിമാനയായിരിക്കുമെന്ന് ഫോമാ മുൻ പ്രസിഡന്റും സുഹൃത്തുമായ ഫിലിപ്പ് ചാമത്തിൽ അഭിപ്രായപ്പെട്ടു.

പൊതുസുരക്ഷയ്ക്കാണ് തന്റെ പ്രവർത്തനപരിപാടിയിൽ പ്രഥമ പരിഗണനയെന്ന് മാത്യു അറിയിച്ചു. ഉത്തരവാദിത്വമുള്ള നഗരച്ചെലവുകൾ, അനിവാര്യ സേവനങ്ങളെ ബാധിക്കാതെയുള്ള നികുതിയാശ്വാസ സാധ്യതകൾ, മെച്ചപ്പെട്ട റോഡുകളും തെരുവുവിളക്കുകളും, ഗതാഗതവും അടിസ്ഥാനസൗകര്യങ്ങളും കണക്കിലെടുത്തുള്ള വികസനം എന്നിവയ്ക്കും മുൻഗണന നൽകും.

ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും പ്രശ്നപരിഹാരത്തിനായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന, എളുപ്പത്തിൽ സമീപിക്കാവുന്ന നേതൃത്വമാണ് ലക്ഷ്യമെന്ന് മാത്യു വ്യക്തമാക്കി. നഗരത്തിന്റെ പുരോഗതി മുന്നോട്ടുകൊണ്ടുപോകാൻ ഡിസ്ട്രിക്ട് 3 നിവാസികളുടെ പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.

ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
പി.സി. മാത്യു ഫോൺ: 972-999-6877

Share this story

Leave a Comment

Your comment will be visible after admin approval.