‘റോബോട്ടുകൾക്ക് വേണ്ടത് മനുഷ്യരൂപമല്ല’; കടൽച്ചേനയുടെ രൂപത്തിൽ ആർഗസ് അവതരിപ്പിച്ച് ഗവേഷകർ

Global Indian Writer · May 31, 2026 · 1 min read · 0 Comments · 0 Shares

മനുഷ്യന്റെയോ മൃഗങ്ങളുടെയോ രൂപത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവയാണ് അമേരിക്കയിലെയും ചൈനയിലെയുമടക്കം വിവിധ കമ്പനികൾ നിലവിൽ നിർമിക്കുന്ന റോബോട്ടുകൾ പലതും. എന്നാൽ ഏറ്റവും കാര്യക്ഷമതയുള്ള റോബോട്ടാണ് വേണ്ടതെങ്കിൽ അതിന് വേണ്ടത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപമല്ലെന്ന് വാദിക്കുകയാണ് യു.എസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. കടൽച്ചേന (sea urchin) യുടെ രൂപമാണ് അവർ ഭാവിയിലെ റോബോട്ടുകൾക്ക് നിർദേശിക്കുന്നത്.

‘ആർഗസ്’ എന്ന് പേര് നൽകിയിട്ടുള്ള മുന്നും പിന്നും വശങ്ങളില്ലാത്ത 20 കാലുകളുള്ള ഒരു റോബോട്ടിനെ ഗവേഷണത്തിന്റെ ഭാഗമായി അവർ വികസിപ്പിച്ചു. ഗ്രീക്ക് പുരാണങ്ങളിലെ നൂറ് കണ്ണുള്ള രാക്ഷസന്റെ പേരിൽ അറിയപ്പെടുന്ന ഇത് റോബോട്ട് ഡിസൈനിലെ പരാമ്പരാഗതമായ എല്ലാ സങ്കൽപ്പങ്ങളെയും മാറ്റിമറിക്കുന്നതാണ്. ഗവേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സയൻസ് റോബോട്ടിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോബോട്ടുകൾ മൃഗങ്ങളെ അനുകരിക്കേണ്ടതില്ലെന്ന് ഗവേഷകർ പറയുന്നു.

1500-ലധികം കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെയാണ് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ജനറൽ റോബോട്ടിക്‌സ് ലാബിലെ ഗവേഷകർ റോബോട്ടുകൾക്ക് യോജിച്ച ഏറ്റവും മികച്ച രൂപം കണ്ടെത്തിയത്. നായയുടെയോ മനുഷ്യന്റെയോ രൂപം പകർത്തുന്നതിന് പകരം അവർ ഡൈനാമിക് ഐസോട്രോപ്പി എന്ന ഗണിതശാസ്ത്ര ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു റോബോട്ടിന് ഏത് ദിശയിലും ഒരേ വേഗത്തിൽ നീങ്ങാനോ പ്രതികരിക്കാനോ കഴിയണം എന്ന നിഗമനത്തിൽ അവരെത്തി. മനുഷ്യരുടെയോ നായകളുടെയോ രൂപമുള്ള റോബോട്ടുകൾക്ക് അത് സാധ്യമല്ല. കാരണം അവ മുന്നോട്ട് നീങ്ങുന്നതിൽ മികവ് കാണിക്കുമെങ്കിലും വശങ്ങളിലേക്ക് അതേ വേഗത്തിൽ നീങ്ങാൻ അവയ്ക്കാകില്ല. എന്നാൽ പരീക്ഷണങ്ങൾക്കിടെ എല്ലാ വശങ്ങളിലേക്ക് ഒരു വേഗത്തിൽ നീങ്ങാൻ കഴിയുന്നതിൽ ആർഗസ് മികച്ച സ്‌കോർ നേടി. ‘ഒരു റോബോട്ടിന് എല്ലാ ദിശകളിലേക്കും തുല്യവേഗത്തിൽ നീങ്ങാൻ കഴിയണം. അത് ലോകത്തെ ഏതെങ്കിലും പ്രത്യേക രീതിയിൽ അഭിമുഖീകരിക്കേണ്ടതില്ല. മുന്നും പിന്നും തുല്യമാകണം. ഇടതും വലതും തുല്യമാകണം.’ഗവേഷണത്തിൽ പങ്കാളിയായ ലാബ് ഡയറക്ടർ ബോയുവൻ ചെൻ പറയുന്നു.

20 ടെലിസ്‌കോപ്പിംഗ് കാലുകൾ ഘടിപ്പിച്ചാണ് ഗവേഷകർ റോബോട്ടിന്റെ കോർ രൂപപ്പെടുത്തിയത്. ഓരോ കാലിന്റെയും അറ്റത്ത് ക്യാമറ ഘടിപ്പിച്ചു. ഇവ റോബോട്ടിന് ചുറ്റുപാടുകളെക്കുറിച്ചുള്ള പൂർണവും കൃത്യതയുള്ളതുമായ കാഴ്ച നൽകി. 20 കാലുകളുള്ള റോബോട്ട് കോൺക്രീറ്റ്, പുല്ല്, മണൽ, കുറ്റിച്ചെടികൾ, വഴുവഴുപ്പുള്ള പ്രതലങ്ങൾ എന്നിവയിലൂടെയെല്ലാം അനായാസം സഞ്ചരിച്ചു. ദിശ മാറ്റാൻ റോബോട്ടിന് തിരിഞ്ഞുനോക്കേണ്ട ആവശ്യം വന്നില്ല. ആർഗസ് അവിശ്വസനീയമാംവിധം ശക്തവും ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതുമാണെന്ന് തെളിയിച്ചു.

പരിശോധനയ്ക്കിടെ റോബോട്ട് ഉയരമുള്ള മതിലുകൾ കയറി, ഭാരം വഹിച്ചു, ഘനരൂപം തള്ളി. ഗവേഷകർ തള്ളാൻ ശ്രമിച്ചപ്പോൾ സ്ഥിരത പുലർത്തി. മൂന്ന് കാലുകൾ ബോധപൂർവ്വം തകർത്ത ശേഷവും അതിന് സുഗമമായി നീങ്ങാൻ കഴിഞ്ഞുവെന്നും ഗവേഷകർ പറയുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.