സ്‌പേസ് എക്‌സിന്റെ അടുത്ത സ്റ്റാർഷിപ്പ് പരീക്ഷണ ദൗത്യം ഈ മാസം നടക്കും

Global Indian Writer · August 5, 2026 · 1 min read · 0 Comments · 0 Shares

സ്‌പേസ് എക്‌സിന്റെ അടുത്ത സ്റ്റാർഷിപ്പ് പരീക്ഷണ ദൗത്യം ഈ മാസം നടക്കും. മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുന്നതിനും ചരക്കുഗതാഗതത്തിനുമായി രൂപകല്പന ചെയ്ത ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ റോക്കറ്റ് സംവിധാനമാണ് സ്റ്റാർഷിപ്പ്. ആദ്യമായി റോക്കറ്റിന്റെ അപ്പർ സ്റ്റേജ് ഭൂമിയിലേക്ക് തിരികെ ഇറക്കുക, ഒപ്പം അത്യാധുനിക വി3 (V3) സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് ഭ്രമണപഥത്തിൽ എത്തിക്കുക എന്നീ ഏറ്റവും നിർണായകമായ രണ്ട് ലക്ഷ്യങ്ങളാണ് ഈ ദൗത്യത്തിനുള്ളത്.

ഉപഗ്രഹങ്ങളേക്കാൾ 10 മടങ്ങ് കൂടുതൽ ബ്രോഡ്‌ബാൻഡ് ശേഷിയും ഡാറ്റാ സാന്ദ്രതയും നൽകാൻ ശേഷിയുള്ളതുമാണ് അപ്‌ഗ്രേഡ് ചെയ്ത വി3 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ. ഭാവിയിൽ ഓരോ സ്റ്റാർഷിപ്പ് വിക്ഷേപണത്തിലും ഇത്തരം 60 ഉപഗ്രഹങ്ങൾ വീതം ബഹിരാകാശത്ത് എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

അതേസമയം, റോക്കറ്റ് സിസ്റ്റത്തിന്റെ അപ്പർ സ്റ്റേജ് കടലിൽ വീഴ്ത്തുന്നതിന് പകരം ആദ്യമായാണ് കരയിൽ സുരക്ഷിതമായി ഇറക്കാൻ ശ്രമിക്കുന്നത്. മുൻപ് റോക്കറ്റിന്റെ അടിഭാഗത്തുള്ള ‘സൂപ്പർ ഹെവി ബൂസ്റ്റർ’ ഇത്തരത്തിൽ മൂന്ന് തവണ വിജയകരമായി പിടിച്ചെടുത്തിട്ടുണ്ടെങ്കിലും, അപ്പർ സ്റ്റേജിനായി ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത് ഇതാദ്യമാണ്.

ആവശ്യമായ അനുമതി ലഭിക്കുകയാണെങ്കിൽ, പ്രത്യേകമായി തയ്യാറാക്കിയ കൂറ്റൻ യന്ത്രക്കൈകൾ ഉപയോഗിച്ച് അപ്പർ സ്റ്റേജിനെ പിടിച്ചെടുക്കാനാണ് സ്‌പേസ് എക്‌സ് ശ്രമിക്കുന്നത്. അതേസമയം റോക്കറ്റിന്റെ സൂപ്പർ ഹെവി ബൂസ്റ്റർ ഭാഗം മുൻപത്തെപ്പോലെ ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കും. ചൊവ്വാഴ്ച സാമ്പത്തിക വർഷത്തിലെ പ്രവർത്തന ഫലങ്ങൾ പുറത്തുവിട്ടുകൊണ്ടുള്ള കോൺഫറൻസിനിടെയാണ് സിഇഒ ഇലോൺ മസ്ക് വിക്ഷേപണം നടത്താനൊരുങ്ങുന്ന വിവരം അറിയിച്ചത്.

ഭാവിയിൽ മനുഷ്യയാത്രാ ദൗത്യങ്ങളിൽ സഞ്ചാരികളെ വഹിക്കുന്ന ഭാഗം ഈ അപ്പർ സ്റ്റേജാണ്. അതുകൊണ്ടുതന്നെ ഈ ദൗത്യത്തിന്റെ വിജയത്തിന് വലിയ പ്രാധാന്യമുണ്ട്. നാസയുടെ ചാന്ദ്ര ദൗത്യങ്ങൾക്ക് സ്റ്റാർഷിപ്പ് ഉപയോഗിക്കാൻ പദ്ധതിയിടുന്നതിനാൽ ഈ ലാൻഡിംഗ് പരീക്ഷണം നാസയും അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. അനുമതികൾ വേഗത്തിൽ ലഭിക്കുകയാണെങ്കിൽ വിക്ഷേപണങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും, ഒരു വർഷത്തിനുള്ളിൽ ദിവസേന ഒന്നിലധികം വിക്ഷേപണങ്ങൾ വരെ നടത്താൻ കഴിയുമെന്നും മസ്ക് പ്രത്യാശ പ്രകടിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.