ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള അനുമതികളുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണനയോ ഇളവുകളോ നൽകില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ പാലിക്കുന്ന എല്ലാ നിയമങ്ങളും സുരക്ഷാ നടപടിക്രമങ്ങളും അമേരിക്കൻ കമ്പനിയും പിന്തുടരേണ്ടി വരുമമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ ഐടി കമ്പനികൾക്കും പ്രൊഫഷണലുകൾക്കുമെതിരെ അമേരിക്ക നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ യുഎസ് വാണിജ്യ താത്പര്യങ്ങളോട് യാതൊരു പ്രത്യേക അനുഭാവവും കാണിക്കേണ്ട ആവശ്യമില്ല എന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇന്ത്യ-യുഎസ് ബന്ധത്തെപ്പോലും ബാധിക്കുന്ന വിഷയമായാൽപോലും രാജ്യത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന നിലപാടാകും കേന്ദ്രം സ്വീകരിക്കുകയെന്ന് ഉന്നത വൃത്തങ്ങൾ ബിസിനസ് ലൈനിനോട് പറഞ്ഞു. മസ്‌കിന്റെ കമ്പനിക്ക് യാതൊരുവിധ പ്രത്യേക അനുകൂല്യങ്ങളും നൽകില്ല. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വാണിജ്യ ഇടപാടുകളും വ്യാപാര ബന്ധവും മാറ്റമില്ലാതെ തുടരും.
എല്ലാ കമ്പനികൾക്കും തുല്യ പരിഗണന
യൂടൽസാറ്റ് വൺവെബ് (Eutelsat OneWeb), ജിയോ-എസ്ഇഎസ് (Jio-SES) ഉൾപ്പെടെയുള്ള മറ്റ് സാറ്റലൈറ്റ് സേവന ദാതാക്കൾക്ക് ലഭിക്കുന്ന അതേ പരിഗണനതന്നെ സ്റ്റാർലിങ്കിനും നൽകും. സുരക്ഷാ ചട്ടങ്ങൾ ബാധകമായ വിഷയങ്ങളിലെല്ലാം അവർ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. നടപടിക്രമങ്ങളുടെ ഒരു ഭാഗം മാത്രം പൂർത്തിയാക്കി അത് പര്യാപ്തമാണെന്ന് അവകാശപ്പെടാൻ ഒരു കമ്പനിക്കും കഴിയില്ലെന്നും ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മസ്‌കിന്റെ വിമർശനവും യു.എസ് നടപടിയും
രാജ്യത്തെ ടെലികോം രംഗത്തെ കുത്തക നിലനിർത്താൻ ചില ശക്തരായ ധനികർ സ്റ്റാർലിങ്കിനെ തടയുകയാണെന്ന് മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിൽ’ ആരോപിച്ചിരുന്നു. എന്നാൽ മസ്‌കിന്റെ ആരോപണങ്ങൾ വാർത്താവിനിമയ മന്ത്രാലയം തള്ളിക്കളഞ്ഞു. അനീതിപരമോ വിവേചനപരമോ ആയ പെരുമാറ്റമുണ്ടെന്ന വാദം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മന്ത്രാലയം വിശദീകരിച്ചിരുന്നു. എന്നാൽ പിന്നാലെ ഇന്ത്യൻ ഐടി കമ്പനികൾ ഉൾപ്പെടെയുള്ള ഏതാനും സ്ഥാപനങ്ങൾക്കായുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രക്രിയയിൽ യുഎസ് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ രാജ്യത്ത് വലിയ ചർച്ചയായിരുന്നു.
Leave a Comment
Your comment will be visible after admin approval.