ഇസ്ലാമാബാദ്: അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിനായി ഇറാനിൽനിന്നുള്ള പ്രതിനിധി സംഘം പാകിസ്താനിലെത്തിയെന്ന വാർത്തകൾ നിഷേധിച്ച് നയതന്ത്ര വൃത്തങ്ങൾ. ഇസ്ലാമാബാദിൽ ഔദ്യോഗിക പ്രതിനിധികൾ എത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വസ്തുതയില്ലെന്ന് നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ച് ഇറാൻ വാർത്ത ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു.
നിലവിൽ ഇറാനിൽനിന്നുള്ള ഒരു സംഘവും പാകിസ്താൻ തലസ്ഥാനത്ത് എത്തിയിട്ടില്ല. ഇതുസംബന്ധിച്ച ഔദ്യോഗികമോ അല്ലാതെയോ ഉള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും സ്രോതസ്സുകൾ വ്യക്തമാക്കി. പ്രതിനിധി സംഘങ്ങളുടെ യാത്രകളിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും നയതന്ത്ര വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
മേഖലയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ ബുധനാഴ്ച അവസാനിക്കാനിരിക്കെ, അമേരിക്കയുമായി രണ്ടാം ഘട്ട ചർച്ചകൾക്കായി ഇറാൻ സംഘം പാകിസ്താനിലെത്തിയേക്കുമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ഭീഷണികൾക്ക് വഴങ്ങിയുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പാകിസ്താൻ കേന്ദ്രീകരിച്ച് അമേരിക്കയുമായി ചർച്ചകൾ നടക്കുന്നു എന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.



