അബുദാബി: ആഗോള വ്യാപാരത്തിന്റെയും ഊർജ വിതരണത്തിന്റെയും നിർണായക പാതയായ ഹോർമുസ് കടലിടുക്ക് ലോകത്തിന് അവകാശപ്പെട്ടതാണെന്നും അത് ലോകത്തിന് തന്നെ തിരിച്ചുനൽകണമെന്നും യുഎഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ. മേഖലയിലെ സുരക്ഷയും ചരക്കു നീക്കത്തിലെ തടസ്സമില്ലാത്ത ഒഴുക്കും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഗോള സമ്പദ്വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ-വാതക വിതരണം തടസ്സമില്ലാതെ നടക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും തരത്തിലുള്ള ഭീഷണികളോ തടസ്സങ്ങളോ പാതയിൽ ഉണ്ടാകുന്നത് ലോകമെമ്പാടുമുള്ള ഊർജ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യാന്തര നിയമങ്ങൾ പാലിച്ചുകൊണ്ട് ജലപാതയുടെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



