Saturday, April 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ ടാങ്കറിന് നേരെ വെടിവെപ്പ് , പിന്നില്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍

ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ ടാങ്കറിന് നേരെ വെടിവെപ്പ് , പിന്നില്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍

തെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ ടാങ്കറിന് നേരെ വെടിയുതിർത്തതായി റി​പ്പോർട്ട്. ‘ജഗ് അർണവ്’ എന്ന ഇന്ത്യൻ ടാങ്കറിന് നേരെ ഇറാന്റെ വിപ്ലവ ഗാർഡുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എന്നാൽ, ജീവനക്കാർ സുരക്ഷിതരാണെന്നും കപ്പലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറാഖിൽ നിന്ന് 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി പോയിരുന്നതായിരുന്നു കപ്പൽ. ഈ ടാങ്കറിനൊപ്പം ‘സൻമാർ ഹെറാൾഡ്’എന്ന മറ്റൊരു ഇന്ത്യൻ കപ്പലും ഈ സമയത്ത് മേഖലയിൽ ഉണ്ടായിരുന്നു. ആക്രമണത്തെത്തുടർന്ന് രണ്ട് കപ്പലുകളും യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒമാൻ തീരത്തുനിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്ക് വെച്ചാണ് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ ടാങ്കറിന് നേരെ വെടിയുതിർത്തതെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇന്ത്യൻ നാവികസേന വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതിഷേധിച്ചു.

അതേസമയം, ഹുർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു. യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്നാണ് അടച്ചത്. ഇതിനിടയിലാണ് കപ്പലുകൾക്കുനേരെ വെടിവെപ്പുമുണ്ടായിരിക്കുന്നത്. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനാൽ യു.എസ് വാഗ്ദാന ലംഘനം നടത്തിയതായി ഇറാന്‍റെ സെൻട്രൽ മിലിറ്ററി കമാൻഡ് പ്രതികരിച്ചു. ഇറാനിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകൾക്കുള്ള നാവിക ഉപരോധം യു.എസ് പിൻവലിക്കുന്നതുവരെ ഹുർമുസ് അടഞ്ഞുകിടക്കുമെന്നും സൈന്യം അറിയിച്ചു.

യു.എസിന്‍റെ നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹുർമുസ് വീണ്ടും അടക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നതോടെയാണ് ഹുർമുസ് കടലിടുക്ക് എണ്ണക്കപ്പൽ ഗതാഗതത്തിനായി ഇറാൻ തുറന്നുകൊടുത്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments