ഓപ്പൺഎഐയുടെ തകർച്ച പ്രവചിച്ച് ഗൂഗിൾ ഡീപ്മൈൻഡ് എഞ്ചിനീയർ

Global Indian Writer · August 9, 2026 · 1 min read · 0 Comments · 0 Shares

നിർമിതബുദ്ധി (AI) ലോകത്തെ എല്ലാ മേഖലകളിലും സ്വാധീനമുറപ്പിച്ച് മുന്നേറുന്നതിനിടെ ഈ രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പൺഎഐ രണ്ടു വർഷത്തിനപ്പുറം മുന്നോട്ടു പോകില്ലെന്ന് പ്രവചനം. ഗൂഗിൾ ഡീപ്മൈൻഡ് എഞ്ചിനീയർ എഡ് സിട്രോൺ 2024-ൽതന്നെ ഓപ്പൺഎഐയുടെ തകർച്ച പ്രവചിച്ചിരുന്നു. ഡീപ്മൈൻഡിലെ റിസർച്ച് എഞ്ചിനീയറായ ബ്രയാൻ ഹുവാങ് അടുത്തിടെ ട്വിറ്ററിൽ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഈ വിഷയത്തിലുള്ള ചർച്ച വീണ്ടും സജീവമായത്.

വ്യക്തമായ കാരണങ്ങൾ നിരത്തിയാണ് എഡ് സിട്രോൺ ഓപ്പൺഎഐയുടെ തകർച്ച പ്രവചിക്കുന്നത്. അഞ്ച് പ്രധാന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഓപ്പൺഎഐയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എഐയുടെ ചെലവ് കുറയ്ക്കാൻ കഴിയുക, എഐ മോഡലുകൾക്ക് പുതിയ ഉപയോഗ സാധ്യതകൾ കണ്ടെത്തുക തുടങ്ങിയവ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഓപ്പൺഎഐയുടെ തകർച്ച ഉറപ്പാണെന്നാണ് പ്രവചനം.

ഇതോടെ ഈ വിഷയത്തിൽ പ്രതികരിച്ച് ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാൻതന്നെ രംഗത്തെത്തി. കാര്യങ്ങൾ വിജയകരമായി മുന്നോട്ടു പോകില്ല എന്നവകാശപ്പെടുന്ന നിഷേധാത്മകമായ ഒരു പോസ്റ്റ് വിശ്വസിക്കുന്നതിനെക്കാൾ ശുഭാപ്തി വിശ്വാസത്തോടെ കഠിനാധ്വാനം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് സാം ഓൾട്ട്മാൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇത്തരത്തിലാണ്: കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ടു പോകില്ല എന്ന് വാദിക്കുന്ന ഒരു നിഷേധാത്മക പോസ്റ്റ് കണക്കിലെടുക്കുന്നതിനെക്കാൾ ശുഭാപ്തിവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു. അത് വളരെ ബുദ്ധിമുട്ടുള്ളതും പരാജയത്തിന് സാധ്യതയുള്ളതുമായ പാതയാണ്. പക്ഷേ വ്യക്തികൾ പരിശ്രമിച്ചില്ലെങ്കിൽ സമൂഹംതന്നെ പരാജയപ്പെടും. ഒരു സംരംഭം ഒരിക്കലും വിജയിക്കില്ല എന്ന തരത്തിലുള്ള ഒരു പ്രവചനത്തിനും സമൂഹത്തെ മുന്നോട്ട് നയിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് വർഷത്തിന് ശേഷവും ഓപ്പൺഎഐയ്ക്ക് നിലനിൽക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണെന്നാണ് ഡീപ്‌മൈൻഡിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മൈക്രോസോഫ്റ്റുമായിട്ടുള്ള സങ്കീർണമായ ബന്ധം വിജയകരമായി കൈകാര്യം ചെയ്യണം.
ചരിത്രത്തിൽ ഏത് സ്റ്റാർട്ടപ്പും കണ്ടെത്താത്തതിലും കൂടുതൽ പണം കണ്ടെത്തണം.
ജിപിടി നിർമ്മിക്കുന്നതിന്റെയും പ്രവർത്തിപ്പിക്കുന്നതിന്റെയും ചെലവ് കുറയ്ക്കുന്നതിനുള്ള വഴി കണ്ടെത്തണം.
എഐയ്ക്ക് പുതിയ ഉപയോഗ സാധ്യതകൾ കണ്ടെത്തുന്നതിൽ വലിയ മുന്നേറ്റം ഉണ്ടാകണം.
ഈ സാധ്യതകൾ പുതിയ ജോലികൾ സൃഷ്ടിക്കാനും നിലവിലുള്ളവയെ പൂർണമായും ഓട്ടോമേറ്റ് ചെയ്യാനും കഴിയുന്നവ ആയിരിക്കണം.

Share this story

Leave a Comment

Your comment will be visible after admin approval.