സാനോ: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമും ജപ്പാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വൈകും. കിഴക്കൻ ജപ്പാനിൽ ശക്തമായ കാറ്റും മഴയും വിതച്ചുകൊണ്ട് ‘ഡുജുവാൻ’ ചുഴലിക്കാറ്റ് കനത്തതോടെയാണ് മത്സരത്തിന് ഭീഷണിയായത്. മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം മത്സരത്തിന്റെ ടോസ് വൈകുകയാണ്.
തോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച 9.30-നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ജപ്പാനിൽ ക്രിക്കറ്റ് വളർത്തുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ മത്സരത്തിനായി ക്ഷണിച്ചത്. ആദ്യമായിട്ടാണ് ഇന്ത്യ – ജപ്പാൻ മത്സരം നടക്കുന്നത്.
നേരത്തേ കനത്ത മഴയെത്തുടർന്ന് ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ പരിശീലന സെഷൻ റദ്ദാക്കിയിരുന്നു. കൊടുങ്കാറ്റ് പസഫിക് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം ഗെയിംസ് മുന്നൊരുക്കമെന്ന നിലയിലാണ് മത്സരത്തെ കാണുന്നത്. അതിനാൽ പ്രധാനതാരങ്ങൾ കളിച്ചേക്കും. മലയാളിതാരം സഞ്ജു സാംസൺ- അഭിഷേക് ശർമ സഖ്യമാകും ഓപ്പൺ ചെയ്യുക. ഇഷാൻ കിഷൻ, തിലക് വർമ, നിധീഷ്കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, ശിവം ദുബെ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം കളിക്കും. ജപ്പാൻ നിരയിൽ ലാച്ലാൻ യമമോട്ടോ, ക്യാപ്റ്റൻ കെൻഡൽ ഫ്ളെമിങ്, വറ്റാരു മിയൗച്ചി, ഇബ്രാഹിം തക്കഹാഷി എന്നിവരാണ് പ്രധാന താരങ്ങൾ.
Leave a Comment
Your comment will be visible after admin approval.