കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്ക് ശേഷം മനുഷ്യരുടെ ആഗോള ആയുർദൈർഘ്യം (ഗ്ലോബൽ ലൈഫ് എക്സ്പറ്റൻസി) കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി ലോകാരോഗ്യ സംഘടന. എന്നാൽ, ആരോഗ്യകരമായ ആയുർദൈർഘ്യത്തിൻ്റെ കാര്യത്തിൽ വീണ്ടെടുക്കൽ മന്ദഗതിയിലാണെന്നും വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ‘ഗ്ലോബൽ ഹെൽത്ത് എസ്റ്റിമേറ്റ്സ്’ റിപ്പോർട്ടിൽ ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നു.
റിപ്പോർട്ട് പ്രകാരം, 2019-ൽ 73.4 വയസ്സായിരുന്ന ആഗോള ആയുർദൈർഘ്യം മഹാമാരിയെ തുടർന്ന് 2021-ൽ 71.5 ആയി കുറഞ്ഞിരുന്നു. എന്നാൽ 2023-ൽ ഇത് 73.3 വയസ്സായി ഉയർന്നു. അതേസമയം, രോഗങ്ങളില്ലാതെ ജീവിക്കുന്ന ആരോഗ്യകരമായ ആയുർദൈർഘ്യം (ഹെൽതി ലൈഫ് എക്സ്പറ്റൻസി) 2023-ൽ 62.8 വയസ്സാണ്; ഇത് 2019-ലെ നിരക്കിനേക്കാൾ 0.4 വർഷം കുറവാണ്.
മനുഷ്യൻ കൂടുതൽ കാലം ജീവിക്കുന്നത് പൊതുജനാരോഗ്യ മേഖലയുടെ വലിയൊരു നേട്ടമാണെന്നും എന്നാൽ ഈ അധിക വർഷങ്ങൾ പൂർണ ആരോഗ്യത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇനി ആരോഗ്യസംവിധാനങ്ങൾക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും ഡബ്ല്യു.എച്ച്.ഒയുടെ ഡാറ്റ വിഭാഗം മേധാവി അലൈൻ ലാബ്രിക് പറഞ്ഞു.
പ്രധാന ആരോഗ്യ പ്രശ്നങ്ങളും മരണകാരണങ്ങളും
ജീവിതശൈലി രോഗങ്ങളുടെ വർധന: 2023-ൽ ലോകത്താകമാനമുണ്ടായ 6.1 കോടി മരണങ്ങളിൽ 3.3 കോടിയും പ്രധാന 10 രോഗങ്ങൾ മൂലമാണ്. ഇതിൽ എട്ടെണ്ണവും പകർച്ചവ്യാധികളല്ലാത്ത ജീവിതശൈലി രോഗങ്ങളാണ്. 2000-ൽ ആകെ മരണങ്ങളുടെ 58 ശതമാനമായിരുന്ന ജീവിതശൈലി രോഗങ്ങൾ, 2023-ൽ 74 ശതമാനമായി ഉയർന്നു.
ഹൃദ്രോഗങ്ങൾ ഒന്നാമത്: ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുക്കുന്ന രോഗമായി ഇസ്കീമിക് ഹൃദ്രോഗം തുടരുന്നു. ആകെ മരണങ്ങളിൽ 16 ശതമാനത്തിനും കാരണം ഇതാണ്. 2000-ൽ 30 ലക്ഷമായിരുന്ന ഹൃദ്രോഗ മരണങ്ങൾ 2023-ൽ 95 ലക്ഷമായി വർധിച്ചു. സ്ട്രോക്ക്, സി.ഒ.പി.ഡി എന്നിവയാണ് തൊട്ടുപിന്നിൽ.
ഡിമെൻഷ്യയും മാനസികാരോഗ്യവും: കോവിഡിന് ശേഷം അൽഷിമേഴ്സ് ഉൾപ്പെടെയുള്ള ഡിമെൻഷ്യ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ മൂന്നിരട്ടിയായി വർധിച്ചു. 2023-ൽ 21 ലക്ഷം ആളുകളാണ് ഡിമെൻഷ്യ മൂലം മരിച്ചത്. കൂടാതെ ഉത്കണ്ഠ, വിഷാദം എന്നിവയും വലിയ രീതിയിൽ ഉയർന്നു.
കോവിഡ്, എച്ച്.ഐ.വി നിരക്കിൽ കുറവ്: കോവിഡ്-19 മൂലമുള്ള നേരിട്ടുള്ള മരണങ്ങൾ 2023-ൽ ഒമ്പത് ലക്ഷമായി കുറഞ്ഞു, ഇതോടെ ആദ്യ 10 മരണകാരണങ്ങളുടെ പട്ടികയിൽ നിന്ന് കോവിഡ് പുറത്തായി (14 ാമത്). 2020 മുതൽ എച്ച്.ഐ.വി/എയ്ഡ്സ് മരണങ്ങളിൽ 62 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.