പാലക്കാട്: ചളവറ ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ മദ്യപിച്ച് ക്ലർക്ക് അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർത്ഥികളുടെ പരാതി.സംഭവത്തിൽ സ്കൂൾ ക്ലാർക്കിനെ അധികൃതർ സസ്പെൻഡ് ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി സത്യപാലനെയാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.
വിനോദയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ സത്യപാലൻ വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തുടർന്ന്, നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്നാണ് സത്യപാലിനെതിരെ നടപടി സ്വീകരിച്ചത്.
പ്രതിഷേധത്തിന് പിന്നാലെ സത്യപാലനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻറ് പോലീസിൽ പരാതിയും നൽകി. വിദ്യാർത്ഥികളുടെ പരാതിയിൽ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന പരാതിയിൽ പ്രധാന അദ്ധ്യാപികയ്ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തുവന്നതോടെ പ്രധാന അദ്ധ്യാപിക എസി രജിതയോട് അവധിയിൽ പ്രവേശിക്കാൻ മാനേജ്മെന്റ് നിർദ്ദേശിക്കുകയായിരുന്നു.