യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കമല ഹാരിസിന്റെ പ്രചാരണത്തിനായി അവഞ്ചേഴ്സ് താരങ്ങളും. താരങ്ങളിലൊരാളായ സ്കാർലെറ്റ് ജോൺസണാണ് തെരഞ്ഞെടുപ്പിന് മുമ്പായി എല്ലാ താരങ്ങളേയും ഒരുമിച്ച് എത്തിച്ചത്.
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ സഹതാരങ്ങളായ റോബർട്ട് ഡോണി ജൂനിയർ, ഡോൺ ചെഡ്ലെ, ക്രിസ് ഇവാനസ്, ഡാനായ് ഗുറിയ, മാർക്ക് റുഫല്ലോ, പോൾ ബെറ്റാണി എന്നിവരെ ഒന്നിപ്പിച്ച് ഡൗണി ജൂനിയറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
തെരഞ്ഞെടുപ്പ് വേളയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാനും കമല ഹാരിസിന് വേണ്ടി വോട്ട് ചോദിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഗറിയ പറഞ്ഞു. വിഡിയോ കോളിനിടെ കമലയുടെ പ്രചാരണം ഫലപ്രദമായി ഇവർ നടത്തുകയും ചെയ്തു. അവഞ്ചേഴ്സ് സിനിമയുടെ തീമിലായിരുന്നു ഇവർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
2019ലെ അവഞ്ചേഴ്സ് സിനിമയിലാണ് താരങ്ങളെല്ലാം ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. താരങ്ങളെല്ലാം ഒന്നിച്ച അവഞ്ചേഴ്സ് എൻഡ്ഗെയിം ലോകത്താകമാനം 2.88 ബില്യൺ ഡോളറാണ് വാരികൂട്ടിയത്.