തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളില്‍ ധനവകുപ്പ് കൂടുതല്‍ കടുത്ത നടപടികളിലേക്ക്. കോട്ടയ്ക്കല്‍ നഗരസഭയില്‍ തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണു നിര്‍ദേശം നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണം. കോട്ടയ്ക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണം.