ഡൽഹി: ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ചില ഉദ്യോഗസ്ഥന്മാരെ ബലിയാടുകളാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. സര്‍ക്കാരിന്റെ അറിവോടെ നടന്ന തട്ടിപ്പാണ്. ഇതിന്റെ നേട്ടം സര്‍ക്കാരിലെ പലര്‍ക്കും കിട്ടിയിട്ടുണ്ട്. ശബരിമലയെ സാമ്പത്തിക സമാഹരണത്തിന്റെ ഉപാധിയായി കണ്ടതിന്റെ പരിണിത ഫലങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
ഈ വലിയ കൊള്ള നടന്നിട്ടും അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഈ കൊള്ള അദ്ദേഹത്തിന് പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ലേ? സ്വര്‍ണപ്പാളികളും സ്വര്‍ണകട്ടിളയും ഉള്‍പ്പെടെ ശബരിമലയെ സംബന്ധിച്ചിടത്തോളം പരിപാവനമായിട്ടുള്ള സ്വത്തുവകകള്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് എടുത്തു കൊണ്ടുപോകാന്‍ പറ്റുന്നതാണോ എന്ന ചോദ്യം ഉയരുന്നു. 2019 ല്‍ നടത്തിയ കൊള്ള തന്നെയാണ് നിലവിലെ ദേവസ്വം ബോര്‍ഡും ആവര്‍ത്തിച്ചത്. 2019 ലെ മിനിറ്റ്സ് കോപ്പിയില്‍ ഉത്തരവാദപ്പെട്ടവരൊക്കെ ഒപ്പിട്ടിരിക്കുന്നത് ‘സ്വര്‍ണമല്ല ചെമ്പായിരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആദ്യമൊക്കെ ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാന്‍ ശ്രമിച്ചെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.



