വാഷിങ്ടൺ: യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സർവേയിലാണ് ട്രംപിനെ യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി അമേരിക്കക്കാർ വിലയിരുത്തിയത്. യാഹു/യുഗോവ് സർവേയിലാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ. 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി ട്രംപിനെ വിലയിരുത്തി.
ഈയടുത്തായി ട്രംപിനുള്ള പിന്തുണയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ട്രംപിന്റെ നയങ്ങൾക്കൊപ്പം കുടിയേറ്റക്കാർക്കെതിരെ യു.എസ് പ്രസിഡന്റ് സ്വീകരിച്ച നടപടികളും അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നതിലേക്ക് നയിച്ചിട്ടുണ്ട്.
12 ശതമാനം അമേരിക്കക്കാർ മാത്രമാണ് ട്രംപിനെ മികച്ച പ്രസിഡന്റായി വിലയിരുത്തിയത്. 21 ശതമാനം പേർ ശരാശരിക്ക് മുകളിൽ എന്ന റേറ്റിങ്ങാണ് അദ്ദേഹത്തിന് നൽകിയത്. ഡോണാൾഡ് ട്രംപിന്റെ ജനപ്രീതി ഇടിയുന്നത് 2026 മിഡ് ടേം തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമോയെന്ന ഭയം റിപബ്ലിക്കൻ പാർട്ടിക്ക് ഉണ്ട്. അങ്ങനെ സംഭവിച്ചാൽ അമേരിക്കൻ കോൺഗ്രസിലെ ആധിപത്യം അവർക്ക് നഷ്ടമാകുമോയെന്നാണ് ആശങ്ക.
നേരത്തെ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡെമോക്രാറ്റുകൾ ഭരിക്കുന്ന സ്റ്റേറുകളിൽ കുടിയേറ്റക്കാർക്കെതിരായ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു.



