തിരുവനന്തപുരം: ആറന്മുളയിലെ വിവാദമായ മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറി. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്.പദ്ധതി പ്രദേശത്തെ ഭൂമിയിൽ 80 ശതമാനവും വെള്ളക്കെട്ടിന് സാധ്യതയുള്ളതാണെന്ന കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് പിൻമാറ്റം.
ആറൻമുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ച ശേഷമാണ് കെജിഎസ് ഗ്രൂപ്പ് മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയുമായി സർക്കാരിനെ സമീപിച്ചത്. ഐ ടി വകുപ്പ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും കൃഷി റവന്യൂ വകുപ്പുകൾ എതിർത്തു. പദ്ധതി പ്രദേശത്ത് 80 ശതമാനത്തിലധികവും നിലമാണെന്ന് കണ്ടെത്തിയതോടെയാണ് എതിർപ്പറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനം എടുത്തത്. കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് പദ്ധതി ഉപേക്ഷിച്ചെന്നാണ് വിവരാവകാശ നിയമ പ്രകാരം ഉള്ള ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി .



