Friday, February 20, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാലപ്പഴക്കം ചെന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്ത് പൊളിക്കുമെന്ന് ഡൽഹി സർക്കാർ

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്ത് പൊളിക്കുമെന്ന് ഡൽഹി സർക്കാർ

ഡൽഹി: ഡൽഹിയിലെ ഡീസൽ വാഹനങ്ങൾക്ക് പത്ത് വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് ആയുസ് കൽപ്പിച്ചിരിക്കുന്നത്. ഇതിലധികം പഴക്കമുള്ള വാഹനങ്ങൾ രാജ്യതലസ്ഥാനത്ത് ഉപയോഗിക്കാൻ പാടില്ലെന്നാണ് സർക്കാർ നൽകിയിട്ടുള്ള നിർദേശം. മലിനീകരണ തോത് വർധിക്കുന്നത് കണക്കിലെടുത്തായിരുന്നു ഈ നീക്കം. എന്നാൽ, കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇത്തരം വാഹനങ്ങൾക്കെതിരേയുള്ള നടപടികൾ കർശനമാക്കുകയാണ് സർക്കാർ.

പൊതുനിരത്തുകളിൽ ഉപയോഗിക്കുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെ തന്നെ പിടിച്ചെടുത്ത് പൊളിക്കുമെന്നാണ് ഡൽഹി സർക്കാർ അറിയിച്ചിരിക്കുന്നത്. ഇത് സാധൂകരിക്കുന്നതിനുള്ള കോടതി ഉത്തരവ് നിലവിലുണ്ടെന്നും സർക്കാർ അറിയിച്ചു. പത്തും പതിനഞ്ചും വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് പുറമെ ബിഎസ് 3 എൻജിനിലുള്ള വാഹനങ്ങൾക്കും ഈ നിർദേശം ബാധകമാണെന്നാണ് റിപ്പോർട്ടുകൾ.

ബിഎസ്-3 നിലവാരത്തിലുള്ളതും നിശ്ചിത സമയപരിധി കഴിഞ്ഞതുമായ വാഹനങ്ങൾ എൻഡ് ഓഫ് ലൈഫ് വാഹനങ്ങളായാണ് കണക്കാക്കുന്നതെന്നും അത്തരത്തിലുള്ള വാഹനങ്ങൾ ഡൽഹിയിലെ പൊതുനിരത്തുകളിൽ ഉപയോഗിക്കാനോ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കാനോ പാടില്ലെന്നും സർക്കാർ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കണ്ടെത്തിയാൽ മറ്റ് മുന്നറിയിപ്പുകൾ ഇല്ലാതെ തന്നെ പൊളിക്കാനായി നൽകുമെന്നാണ് അറിയിപ്പിൽ പറയുന്നത്.

എയർ ക്വാളിറ്റിയിൽ വളരെയേറെ പിന്നിൽ നിൽക്കുന്ന ഡൽഹിയിൽ വാഹനങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനായാണ് പഴയ വാഹനങ്ങളെ പൂർണമായും ഒഴിവാക്കുന്നതെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉപയോഗം വളരെ കുറവാണെന്നുള്ളത് കൊണ്ട് കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇളവുകൾ ലഭിക്കുമെന്ന് വാഹന ഉടമകൾ കരുതരുതെന്നും കാലപ്പഴക്കമെത്തിയ വാഹനങ്ങളുടെ വിഭാഗത്തിൽപെടുന്നവയെ കണ്ടെത്താൻ എൻഫോഴ്‌മെന്റ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് നിർദേശത്തിലുള്ളത്.

ഡൽഹിയിൽ ഉപയോഗം വിലക്കിയിട്ടുള്ള പഴയ വാഹനങ്ങൾ ഡൽഹി എൻസിആർ പരിധിയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള അവസരം ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഇത്തരം വാഹനങ്ങൾക്ക് ഡൽഹി എൻസിആറിന് പുറത്ത് രജിസ്‌ട്രേഷൻ നേടുന്നതിന് മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം. വാഹനം രജിസ്റ്റർ ചെയ്ത ആർടി ഓഫീസിൽ നിന്ന് എൻഒസി ലഭിച്ചാൽ ആ വാഹനത്തിന് മറ്റ് സംസ്ഥാനങ്ങളിൽ രജിസ്‌ട്രേഷൻ നേടാൻ സാധിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments