തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ വെടിക്കെട്ടുപുര സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പൂരങ്ങളിലെ വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് അടക്കമുള്ള കാര്യങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. എന്തിനാണ് നമുക്ക് തീകൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ? ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെയെന്ന് ശ്രീലേഖ ചോദിച്ചു.
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെയെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.



