ദുബായ് : താമസപ്രദേശങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലെഹ്ബാബ് ഒന്ന്, നസ്വ, ലെഹ്ബാബ് രണ്ട് എന്നീ പ്രദേശങ്ങളിലെ വിനോദസൗകര്യങ്ങൾ വിപുലീകരിച്ച് ദുബായ് മുനിസിപ്പാലിറ്റി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി എമിറേറ്റിനെ മാറ്റുകയാണ് ലക്ഷ്യം. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പൊതുസൗകര്യങ്ങൾ രൂപകല്പന ചെയ്യുന്നതിലൂടെ ജീവിതനിലവാരം വർധിപ്പിക്കാൻ ഇത്തരം പദ്ധതികൾ മുതൽക്കൂട്ടാകും.
3,30,000 ചതുരശ്രയടി വിസ്തീർണത്തിലാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്. കായിക സൗകര്യങ്ങൾ ഉൾപ്പടെ എല്ലാപ്രായക്കാർക്കും അനുയോജ്യമായ ഒട്ടേറെ സൗകര്യങ്ങൾ വിനോദ പ്ലാസകളിലുണ്ട്. ഫുട്‌ബോൾ പിച്ചുകൾ, വോളിബോൾ കോർട്ട്, റണ്ണിങ് ട്രാക്ക്, ബാസ്‌കറ്റ്‌ബോൾ കോർട്ട്, ഫിറ്റ്‌നസ് ഉപകരണങ്ങൾ, റബ്ബർ തറകളാൽ സജ്ജീകരിച്ച കുട്ടികളുടെ കളിസ്ഥലങ്ങൾ, പുത്തൻ ഇരിപ്പിടങ്ങൾ, നൂതന ലൈറ്റിങ് സംവിധാനങ്ങൾ, സ്മാർട്ട് നിരീക്ഷണ ക്യാമറകൾ എന്നിവയാണ് സവിശേഷതകൾ. ഹരിതയിടങ്ങൾ വികസിപ്പിച്ചതിനൊപ്പം സുരക്ഷാ നടപടികളും വർധിപ്പിച്ചിട്ടുണ്ട്. യു.എ.ഇ.യുടെ ‘കുടുംബവർഷ’ത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പദ്ധതി സംഭാവനകൾ നൽകും. നഗരപരിസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ദുബായ് 2040 പാർക്സ് ആൻഡ് എഫോറസ്‌ട്രേഷൻ സ്ട്രാറ്റജിയുടെ ഭാഗമാണിത്.
ജനക്ഷേമം വർധിപ്പിക്കുന്ന പൊതു വിനോദ ഇടങ്ങൾ വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഖലിദ പറഞ്ഞു. ദൈനംദിനജീവിതത്തിൽ ഉപകാരപ്രദമാകുന്ന പാർക്കുകൾ, പൊതുയിടങ്ങൾ, വിനോദസൗകര്യങ്ങൾ എന്നിവയിലൂടെ ക്ഷേമവും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ഇടപെടലുകളും കായികസൗകര്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ. ബദർ അൻവഹി പറഞ്ഞു.



