തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എസ്ഐടി. അപ്പീല്‍ നല്കിയാല് അനുകൂലമായ വിധിയുണ്ടാകാന്‍ സാഹചര്യമുണ്ടെന്ന് എസ്ഐടിക്ക് നിയമോപദേശം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ നീക്കം. നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചിരുന്നു. കട്ടിളപാളികള്‍ കൊടുത്തുവിട്ടതില്‍ തന്ത്രിക്ക് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാനുവല്‍ ലംഘിച്ചിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. കേസില്‍ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപാളി കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നും കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു.



