തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഒരു ജില്ലയിലും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് ഇല്ലെങ്കിലും സാധാരണയേക്കാൾ മൂന്ന് ഡിഗ്രി മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും.പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.
കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഇടുക്കി, വയനാട് എന്നിവിടങ്ങളിലൊഴികെ മറ്റ് 12 ജില്ലകളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. 26-ാം തീയതി വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത.



