ന്യൂയോർക്ക്: 2026ലെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടു. ആഗോള രാഷ്ട്രീയ നേതാക്കൾക്കൊപ്പം ഇന്ത്യയുടെ അഭിമാനമായി മൂന്ന് പേരും പട്ടികയിൽ ഇടംപിടിച്ചു. ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ബോളിവുഡ് താരം രൺബീർ കപൂർ, പ്രശസ്ത ഷെഫ് വികാസ് ഖന്ന എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ സുന്ദർ പിച്ചൈ നൽകിയ നേതൃത്വത്തെ ടൈം പ്രകീർത്തിച്ചു. 2015ൽ ഗൂഗ്ൾ സി.ഇ.ഒ ആയത് മുതൽ കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലേക്ക് ഗവേഷണങ്ങളെ മാറ്റാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മാഗസിൻ നിരീക്ഷിച്ചു. നടൻ ആയുഷ്മാൻ ഖുറാനയാണ് രൺബീറിന്റെ പ്രൊഫൈൽ തയാറാക്കിയത്. പാരമ്പര്യത്തിന് പിന്നാലെ പോകുന്നവരല്ല, മറിച്ച് സ്വന്തം കലയിലൂടെ പാരമ്പര്യം സൃഷ്ടിക്കുന്ന നടനാണ് രൺബീറെന്ന് ഖുറാന കുറിച്ചു. പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന താരം എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഭക്ഷണത്തെ ഒരു ആഗോള ഭാഷയായി ഉപയോഗിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്നതിലുള്ള വികാസ് ഖന്നയുടെ കഴിവിനെ മാഗസിൻ എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ‘ബംഗ്ലോ’ എന്ന റെസ്റ്റോറന്റ് വെറുമൊരു ഭക്ഷണശാലയല്ല, മറിച്ച് ഇന്ത്യൻ പൈതൃകത്തിന്റെയും കഥകളുടെയും ജീവിക്കുന്ന പ്രതീകമാണെന്ന് ടൈം കുറിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ പട്ടികയിലുണ്ട്. കൂടാതെ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനേ തകായ്ചി, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം, ലിയോ പതിനാലാമൻ മാർപാപ്പ എന്നിവരും സ്വാധീനശക്തിയുള്ളവരുടെ പട്ടികയിൽ ഇടംപിടിച്ചു. അയൽരാജ്യങ്ങളിൽ നിന്ന് നേപ്പാളിലെ ബാലൻ ഷാ, ബംഗ്ലാദേശിലെ താരിഖ് റഹ്മാൻ എന്നിവരും പട്ടികയിൽ ഇടംനേടിയത് ശ്രദ്ധേയമാണ്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് 14-ാം തവണയാണ് ഈ പട്ടികയിൽ വരുന്നത്. ഈ വർഷത്തെ പട്ടികയിലുള്ളവരിൽ ഏറ്റവും കൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹമാണ്. 96 വയസ്സുള്ള മനുഷ്യാവകാശ പ്രവർത്തക ഡോളോറസ് ഹ്യൂർട്ട ആണ് പട്ടികയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.ആറാം തവണയാണ് ഡോണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നത്.



