മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച്. വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം. രാഹുലും സംഘവും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കി പ്രതിപക്ഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു എന്നെല്ലാമാണ് പരാതി. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച്, പൊലീസ് ബാരിക്കേഡ് വച്ച് വഴിയടച്ചു തടഞ്ഞു. ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് മഹിളാ മോർച്ച പ്രവത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു. ഹേമമാലിനി, രേഖ ഗുപ്ത, ബാൻസുരി സ്വരാജ് അടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തു.
വനിതാ സംവരണത്തെ എതിർത്ത പ്രതിപക്ഷം സ്ത്രീശക്തിയെ അപമാനിച്ചുവെന്നും നാരീശക്തി ഇതിന് പകരം ചോദിക്കുമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ തെരുവിലും സോഷ്യൽ മീഡിയയിലും ബിജെപി ശക്തമായ വിമർശനമാണ് അഴിച്ചുവിടുന്നത്. രാഹുൽ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും ‘വഞ്ചകർ’ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ബിജെപി ദില്ലി യൂണിറ്റ് പുറത്തിറക്കി.



