തെഹ്റാൻ: സമുദ്രനിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഹുർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ സായുധ സേന വെടിയുതിർത്തു. ഇറാന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു.
ഒമാൻ തീരത്തിന് സമീപം പനാമ ഫ്ലാഗ് ചെയ്ത ‘എം.എസ്.സി ഫ്രാൻസെസ്ക’ (MSC Francesca) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ കപ്പലിന്റെ മുൻഭാഗത്തിന് (Bridge) ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ഹുർമുസ് കടലിടുക്കിൽ സംഘർഷം പുകയുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്.
കപ്പൽ ഇറാന്റെ സമുദ്രാതിർത്തി ലംഘിച്ചുവെന്നും നാവികസേന നൽകിയ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ തീരത്തുനിന്ന് 15 കിലോമീറ്റർ അകലെ വെച്ചാണ് കപ്പലിന് നേരെ വെടിവെപ്പുണ്ടായത്.



