കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അസന്‍സോളില്‍ 43കാരനായ ദേബ്ദീപ് ചാറ്റര്‍ജിയാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യയുടെയും പത്ത് വയസ്സുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങവെ കുടുംബം സഞ്ചരിച്ച കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നുവെന്നും ക്ഷമ ചോദിക്കാനായി ഭര്‍ത്താവ് ഇറങ്ങിയത് വഴക്കിലും അടിപിടിയിലും കലാശിക്കുകയായിരുന്നുവെന്നും ദേബ്ദീപിന്റെ ഭാര്യ പറഞ്ഞു.
ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയെ അറിയിക്കുമെന്ന് പറഞ്ഞതോടെ മര്‍ദ്ദനം തുടങ്ങിയെന്നും താനും മകനും അപേക്ഷിച്ചിട്ടും അവര്‍ മര്‍ദിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ദേബ്ദീപ് മരിച്ചെന്നും ഭാര്യ വിശദീകരിച്ചു.
അതേസമയം പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. കൊലപാതകത്തെ രാഹുല്‍ ഗാന്ധി അപലപിച്ചു. സംഭവം തൃണമൂല്‍ ഭീകരതയാണെന്നും പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.



