“ജനവിധിയെ അവഹേളിക്കരുത്”, ജെയിംസ് കൂടൽ എഴുതുന്നു

Global Indian Writer · May 12, 2026 · 1 min read · 0 Comments · 0 Shares

ജെയിംസ് കൂടൽ

എവിടെ കേരളാ മുഖ്യമന്ത്രി? ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച എം.എൽ.എമാരിൽ നിന്നു പോലും ഒരു മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാത്ത അവസ്ഥ ജനാധിപത്യത്തിന്റെ ആത്മാവിനോടുള്ള അവഗണനയാണ്.
ഇത് വെറും നേതൃത്വ പ്രതിസന്ധിയല്ല — രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര ദൗർബല്യവും വിശ്വാസക്ഷയവും തുറന്നു കാണിക്കുന്ന യാഥാർഥ്യമാണ്.

ജനങ്ങൾ തിരഞ്ഞെടുക്കുന്നത് വെറും ചില വ്യക്തികളെയല്ല; ഒരു രാഷ്ട്രീയ ദിശയെയും, ആശയത്തെയും, നേതൃത്വ ശേഷിയെയും കൂടിയാണ്. അപ്പോൾ വിജയിച്ച ജനപ്രതിനിധികളെ മറികടന്ന് പുറത്തുനിന്ന് ഒരാളെ തേടേണ്ടി വരുന്നത് ജനവിധിയോട് കാണിക്കുന്ന അവിശ്വാസമായി തന്നെ ജനങ്ങൾ കാണും.

രാഷ്ട്രീയത്തിൽ അധികാരമോഹം പുതിയ കാര്യമല്ല.
എന്നാൽ അധികാരത്തിനായി ഇന്നലെ പറഞ്ഞ നിലപാടുകൾ ഇന്ന് മറക്കുകയും, ഇന്നലെ വിമർശിച്ചവരോടൊപ്പം ഇന്ന് കൈകോർക്കുകയും ചെയ്യുന്ന പ്രവണത ജനാധിപത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നു.

പ്രവർത്തകരുടെ ആത്മസമർപ്പണവും ജനങ്ങളുടെ വിശ്വാസവുമാണ് ഓരോ വിജയത്തിന്റെയും അടിത്തറ.
പക്ഷേ പലപ്പോഴും വിജയത്തിന് ശേഷം അവരെ മറന്ന് അധികാരകേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് രൂപപ്പെടുന്നത്.
അവിടെ ആശയങ്ങൾക്ക് പകരം അവസരവാദം വളരുന്നു. ജനങ്ങൾ ഇന്ന് രാഷ്ട്രീയക്കാരോട് ചോദിക്കുന്നത് വളരെ ലളിതമായൊരു ചോദ്യമാണ്:

“ജനങ്ങൾ വിജയിപ്പിച്ചവരിൽ ഒരാൾക്കും നേതൃത്വം നൽകാൻ യോഗ്യതയില്ലെങ്കിൽ, പിന്നെ ആ വിജയത്തിന്റെ അർത്ഥമെന്താണ്?” ഈ ചോദ്യത്തിന് രാഷ്ട്രീയ നേതൃത്വം സത്യസന്ധമായി മറുപടി പറയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.