വാട്‌സ്ആപ്പിനും, ഇൻസ്റ്റയ്ക്കുമടക്കം പെയ്ഡ് പ്ലാനുകളുമായി മെറ്റ; ‘പ്ലസ്’ വെർഷനുകൾ വരും

Global Indian Writer · May 28, 2026 · 1 min read · 0 Comments · 0 Shares

ജനപ്രിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കാൻ മെറ്റ. ഇതോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്ന രീതിയിൽതന്നെ മാറ്റംവന്നേക്കും. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി മെറ്റാ തങ്ങളുടെ ആപ്പുകളുടെ ‘പ്ലസ്’ പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പണം നൽകി സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് മറ്റുള്ളവർക്ക് ലഭിക്കാത്ത ടൂളുകളിലേക്കും ഓപ്ഷനുകളിലേക്കും പ്രവേശനം ലഭിക്കും.

മെറ്റ വരുമാനത്തിനായി പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റുന്നു എന്നതിന്റെ സൂചനയാണിത്. ഇൻസ്റ്റാഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളർ (ഏകദേശം 387 രൂപ) നൽകേണ്ടിവരും എന്നാണ് സൂചനകൾ. അതേസമയം വാട്ട്സ്ആപ്പ് പ്ലസിന് പ്രതിമാസം 2.99 ഡോളർ (ഏകദേശം 290 രൂപ) നൽകേണ്ടിവരുമെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ മെറ്റ ഇന്ത്യയിലെ കൃത്യമായ നിരക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇൻസ്റ്റഗ്രാം പ്ലസ് സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ സ്റ്റോറികൾ എത്രപേർ വീണ്ടും കണ്ടുവെന്ന് കാണാനും, ക്ലോസ് ഫ്രണ്ട്‌സ് ഫീച്ചറിന് പുറത്തുള്ള പരിധിയില്ലാത്ത സ്റ്റോറി ഓഡിയൻസ് ലിസ്റ്റുകൾ സൃഷ്ടിക്കാനും, വ്യൂവർ ലിസ്റ്റിൽ പ്രത്യക്ഷപ്പെടാതെ സ്റ്റോറികൾ രഹസ്യമായി പ്രിവ്യൂ ചെയ്യാനും കഴിയുമെന്ന് ടെക് ക്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

ഈ പ്ലാൻ 24 മണിക്കൂർ പരിധിക്ക് പുറത്തേക്ക് സ്റ്റോറികൾ എക്‌സ്റ്റന്റ് ചെയ്യാനും അധിക വിസിബിലിറ്റിക്കായി ഓരോ ആഴ്ചയും ഒരു സ്റ്റോറി സ്‌പോട്ട് ലൈറ്റ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കം. മറ്റൊരു രസകരമായ ഫീച്ചർ, സ്റ്റോറി വ്യൂവർ ലിസ്റ്റ് തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ്. ആരാണ് കാണുന്നത് എന്ന് അറിയാനും ഫോളോ ചെയ്യുന്നവരുടെ ഫീഡിൽ പ്രത്യക്ഷപ്പെടാതെ അവരുടെ പ്രൊഫൈലിലേക്കും ഹൈലൈറ്റുകളിലേക്കും നേരിട്ട് പോസ്റ്റ് ചെയ്യാനും സാധിക്കും.

ഇൻസ്റ്റാഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് ആനിമേറ്റഡ് ‘സൂപ്പർ ഹാർട്ട്’ റിയാക്ഷനുകൾ, കസ്റ്റം ആപ്പ് ഐക്കണുകൾ, ബയോകൾക്കുള്ള പ്രത്യേക ഫോണ്ടുകൾ, കൂടുതൽ പ്രൊഫൈൽ പിൻ എന്നിവ ലഭിക്കും. ഫെയ്‌സ്ബുക്ക് പ്ലസും സമാനമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,

വാട്‌സ്ആപ്പ് മെസ്സേജിങ് കൂടുതൽ വ്യക്തിഗതമാകും

വാട്‌സ്ആപ്പ് പ്ലസ് മെസ്സേജിങ് പേഴ്‌സണലൈസ് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാട്സ്ആപ്പ് സബ്‌സ്‌ക്രൈബർമാർക്ക് കസ്റ്റം തീമുകൾ, കൂടുതൽ മികച്ച റിങ്‌ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ, മെച്ചപ്പെട്ട ലിസ്റ്റ് കസ്റ്റമൈസേഷൻ ടൂളുകൾ എന്നിവ ലഭിക്കും.

അതിനിടെ, മെറ്റയുടെ സബ്‌സ്‌ക്രിപ്ഷൻ പദ്ധതി സോഷ്യൽ മീഡിയ ആപ്പുകൾക്ക് അപ്പുറത്തേക്കും വ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ‘മെറ്റാ വൺ’ എന്ന പേരിൽ AI, ക്രിയേറ്റർ, ബിസിനസ്സ്-ഫോക്കസ്ഡ് പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. AI സബ്‌സ്‌ക്രിപ്ഷനുകൾ സിംഗപ്പൂർ, ഗ്വാട്ടിമാല, ബൊളീവിയ എന്നിവിടങ്ങളിലാവും ആദ്യഘട്ടത്തിൽ ആരംഭിക്കുക. പിന്നീട് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. അത്യാധുനിക എഐ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനായി ചെലവഴിക്കുന്ന ഭീമമായ തുക വീണ്ടെടുക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തുക എന്നതാണ് മെറ്റയുടെ ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.