റോബോട്ടുകൾക്കും ഏകീകൃത തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ച് ചൈന

Global Indian Writer · May 30, 2026 · 1 min read · 0 Comments · 0 Shares

ഔദ്യോഗിക ആവശ്യങ്ങൾക്കായി മനുഷ്യരെ തിരിച്ചറിയുന്നതിന് അവർക്ക് പ്രത്യേക തിരിച്ചറിയൽ രേഖയും നമ്പറും നൽകാറുണ്ട്. സർക്കാർ സേവനങ്ങളിലും മറ്റും ആളുകളെ തിരിച്ചറിയുന്നതിനും രേഖകൾ സൂക്ഷിക്കുന്നതിവുമായി ഈ തിരിച്ചറിയൽ രേഖകളെയാണ് ആശ്രയിക്കാറ്. ആഗോളതലത്തിൽ ഇങ്ങനെയുള്ള സംവിധാനം നിലവിലുണ്ട്. ഇപ്പോൾ കാലം മാറി. നിർമിതബുദ്ധിയുടേയും റോബോട്ടുകളുടേയുമെല്ലാം യുഗമാണിത്. മനുഷ്യരെപ്പോലെ റോബോട്ടുകൾക്കും ഒരു ഏകീകൃത തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ചൈന. ഇതുവഴി രാജ്യത്ത് നിർമിക്കപ്പെടുന്ന ഓരോ റോബോട്ടിനും പ്രത്യേകം കോഡുണ്ടാവും. മൊബൈൽ ഫോണുകളിലെ ഐഎംഇഐ നമ്പർ പോലെ. ഫാക്ടറിയിൽനിന്ന് പുറപ്പെടുന്ന റോബോട്ടുകൾക്ക് പിന്നീടുള്ള അറ്റകുറ്റപ്പണികളിലും മറ്റ് ഉപയോഗങ്ങളിലും ഒടുവിൽ അതിന്റെ വിരമിക്കലിലുമെല്ലാം ഒരു ഡിജിറ്റൽ പാസ്‌പോർട്ട് ആയിരിക്കും ഈ ഐഡി.

ഹ്യൂമനോയിഡ് ലൈഫ് സൈക്കിൾ മാനേജ്മെന്റ് സർവീസ് പ്ലാറ്റ്ഫോം എന്നാണ് ചൈന ഈ സംരംഭത്തെ വിളിക്കുന്നത്. ഈ സംവിധാനത്തിന് കീഴിൽ ചൈനയിൽ നിർമിക്കപ്പെടുന്ന എല്ലാ ഹ്യൂമനോയിഡ് റോബോട്ടുകൾക്കും 29 അക്ക പ്രത്യേക തിരിച്ചറിയൽ കോഡ് ലഭിക്കും. റോബോട്ടിന്റെ പ്രവർത്തനകാലത്തിലുടനീളം അതിനെ നിരീക്ഷിക്കാൻ ഈ കോഡിന്റെ സഹായത്തോടെ സാധിക്കും.

ചൈനയിൽ റോബോട്ടിക് സാങ്കേതികവിദ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മേൽനോട്ടം മികച്ചതാക്കുന്നതിനായി ചൈന ഇങ്ങനെ ഒരു സംവിധാനം അവതരിപ്പിച്ചത്. നിർമാണം, അറ്റകുറ്റപ്പണികൾ, പുനരുപയോഗസംസ്കരണം തുടങ്ങി റോബോട്ടിനെ പ്രവർത്തനരഹിതമാക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ഈ സംവിധാനം ശേഖരിക്കും. അതിനാൽ റോബോട്ടിന്റെ നിർമാതാക്കളും വിതരണക്കാരും സേവനദാതാങ്ങളും ഉപഭോക്താക്കളും പുനരുപയോഗസംസ്കരണ കമ്പനികളുമെല്ലാം ഈ ഐഡി ഉപയോഗപ്പെടുത്തേണ്ടിവരും.

ഈ കോഡില്ലാതെ ഒരു റോബോട്ടും വിൽപന നടത്താൻ ചൈന അനുവദിക്കില്ല. പൊതുവായ എന്തെങ്കിലും പ്രശ്നം റോബോട്ടുകൾക്ക് ഉണ്ടായാൽ അവ തിരികെ വിളിക്കാൻ കമ്പനികൾ തയ്യാറാകണം. പൊളിച്ച റോബോട്ടുകളുടെ ഭാഗങ്ങൾ ഉപയോഗിച്ച് പുനർനിർമിച്ച റോബോട്ടുകൾ ഒരു കാരണവശാലും വീണ്ടും വിൽപന നടത്താൻ അനുവദിക്കില്ല.

ഹ്യൂമനോയിഡ് റോബോട്ടിക്സ് ആൻഡ് എംബോഡീഡ് ഇന്റലിജൻസ് സ്റ്റാൻഡേഡൈസേഷൻ കമ്മിറ്റിയുടെ സഹായത്തോടെ ചൈനയിലെ ഇൻഡസ്ട്രി ആൻഡ് ഐടി മന്ത്രാലയമാണ് ഈ സംരംഭത്തിന് മേൽനോട്ടം വഹിക്കുക. ഈ സംവിധാനം ഇതിനകം നിലവിൽ വന്നുകഴിഞ്ഞുവെന്നും നൂറിലധികം റോബോട്ട് നിർമാണ കമ്പനികൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമായിട്ടുണ്ടെന്നുമാണ് വിവരം. ഇതുവഴി 28000 ൽ ഏറെ റോബോട്ടുകൾക്ക് ഡിജിറ്റൽ ഐഡന്റിറ്റി കോഡ് ലഭിച്ചുകഴിഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.