പി.എസ്.ജിയുടെ തകർപ്പൻ ചാമ്പ്യൻസ് ലീഗ് വിജയത്തെ തുടർന്നുണ്ടായ ആഘോഷങ്ങൾ ഫ്രാൻസിലുടനീളം അക്രമത്തിൽ കലാശിച്ചു. ഫ്രാൻസിലുടനീളം 400 ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. ഏഴ് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ നടന്ന ആഹ്ലാദപ്രകടനമാണ് അക്രമത്തിൽ കലാശിച്ചത്. പി.എസ്.ജി-ആഴ്‌സനൽ ഫൈനൽ മത്സരത്തിനു ശേഷമാണ് പൊലീസും പി.എസ്.ജി ആരാധകരും തമ്മിൽ സംഘർഷമുണ്ടായത്.
രാജ്യവ്യാപകമായി 416 പേരാണ് അറസ്റ്റിലായത്. പാരീസിൽ നിന്നു മാത്രം 283 പേരെ കസ്റ്റഡിയിലെടുത്തു. മത്സരത്തിനായി രാജ്യവ്യാപകമായി ഏകദേശം 22000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വിപുലമായ സുരക്ഷാ നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടും തലസ്ഥാനമായ പാരീസിലേക്ക് ജനപ്രവാഹമുണ്ടായി.
സംഘർഷങ്ങളിൽ ആറ് വാഹനങ്ങൾക്കും രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാരീസ് റിംഗ് റോഡിൽ ഒരു കൂട്ടം ആരാധകർ ഫ്ലെയറുകൾ കത്തിച്ചുകൊണ്ട് ഗതാഗതം താൽക്കാലികമായി തടഞ്ഞു. പിഎസ്ജിയുടെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന് സമീപം ഒരുക്കിയ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കളി കാണാനെത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് ആളുകൾ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി. 150 പേർ സ്റ്റേഡിയം ഗേറ്റിലൂടെ ഒന്നിച്ച് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും അവരെ പിന്നോട്ട് തള്ളിമാറ്റിയതായി പോലീസ് പറഞ്ഞു.
ആഘോഷം അതിരുകടന്നപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തി. അക്രമികൾക്കെതിരെ കണ്ണീർവാതകവും ഉപയോഗിച്ചു. കഴിഞ്ഞ വർഷം പി.എസ്.ജി ചാമ്പ്യൻസ് ലീഗ് മത്സര വിജയത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
Leave a Comment
Your comment will be visible after admin approval.