2 ദേശീയ വനിതാ ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ അഞ്ച് ഫലസ്തീനി വിദ്യാർഥിനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു

Global Indian Writer · June 5, 2026 · 1 min read · 0 Comments · 0 Shares

റാമല്ല: വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ രണ്ട് അംഗങ്ങളെയും ബിർസെയ്റ്റ് സർവകലാശാലയിലെ മൂന്ന് വിദ്യാർഥിനികളെയും ഉൾപ്പെടെ അഞ്ച് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. ഈ ആഴ്ചയാണ് ഫലസ്തീനെ ഞെട്ടിച്ച ഈ ക്രൂരമായ അറസ്റ്റ് നടന്നത്. ഫലസ്തീൻ അണ്ടർ-18 വനിതാ ടീമിൽ കളിച്ചിട്ടുള്ള ഇരുപതുകാരിയായ നതാലി അബു ദിയ, ദേശീയ ടീം അംഗമായ റന്ദ് ഹലവാനി എന്നിവരാണ് അറസ്റ്റിലായ കായികതാരങ്ങൾ. ബിർസെയ്റ്റ് സർവകലാശാലയിലെ മീഡിയ സ്റ്റഡീസ് വിദ്യാർഥിനിയായ നതാലിയെ ഹോസ്റ്റലിൽ അർധരാത്രി റെയ്ഡ് നടത്തിയാണ് സൈന്യം പിടിച്ചുകൊണ്ടുപോയത്. സർവകലാശാലയിലെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ ഉറങ്ങാതിരുന്ന മകളെ പുലർച്ചെയോടെ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയായിരുന്നു എന്നാണ് പിതാവ് സമർ അബു ദിയ പറയുന്നത്. അന്യായമായി തന്റെ മകളെ തടവിലാക്കിയതിൽ വലിയ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെറുസലേമിൽ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമാണ് മറ്റൊരു താരമായ റന്ദ് ഹലവാനിയെ ഇസ്രായേൽ തടങ്കലിലാക്കിയത്.

ഫലസ്തീൻ വനിതാ താരങ്ങളുടെ അറസ്റ്റിനെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ ശക്തമായി അപലപിച്ചു. ഇത് തികച്ചും അന്യായമായ നടപടിയാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഫലസ്തീനിലെ കായികതാരങ്ങളെ ഇസ്രായേൽ സൈന്യം ആസൂത്രിതമായി ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ എന്നും ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ യാതൊരുവിധ അന്വേഷണങ്ങളും നടക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ബിർസെയ്റ്റ് സർവകലാശാലയിലെ വിദ്യാർഥിനികളായ സമ സാഫി, ജൂലാൻ അബു അവാദ, മുൻ വിദ്യാർത്ഥിനി ലൈല നയൽ ഖലീൽ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.

സൈക്കോളജി വിദ്യാർഥിനിയായ സമ സാഫിയെ പുലർച്ചെ വീട്ടിൽ കയറി റെയ്ഡ് നടത്തിയാണ് സൈന്യം പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സമയുടെ ഫോണും ലാപ്‌ടോപ്പും മറ്റ് വ്യക്തിഗത സാധനങ്ങളും സൈന്യം പിടിച്ചെടുത്തു. വിട്ടുമാറാത്ത കടുത്ത പനിയും ശരീരവേദനയും ഉണ്ടാക്കുന്ന എഫ്.എം.എഫ് രോഗബാധിതയാണ് സമ. സമയുടെ ആരോഗ്യസ്ഥിതിയിൽ കുടുംബത്തിന് കടുത്ത ആശങ്കയാണ് ഉള്ളത്. പബ്ലിക് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിനിയായ ജൂലാൻ അബു അവാദയെയും സമാനമായ രീതിയിൽ പുലർച്ചെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കടുത്ത മൈഗ്രേൻ അസുഖമുള്ള ജൂലാന്റെ ആരോഗ്യത്തിലും ബന്ധുക്കൾക്ക് ആശങ്കയുണ്ട്. നിലവിൽ ഒമ്പതിനായിരത്തോളം ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കഴിഞ്ഞ കുറച്ചുമാസങ്ങളായി വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് ഇസ്രായേൽ വർധിപ്പിച്ചിട്ടുണ്ട്. ഇത് ഫലസ്തീൻ ജനതയോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണെന്നാണ് ഫലസ്തീൻ പ്രിസണേഴ്സ് ക്ലബ് പറയുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.