എഐ നിർമിത പ്രൊഫൈലാണോ അതോ യഥാർത്ഥ മനുഷ്യരുടെ അക്കൗണ്ടുകളാണോ എന്ന് തിരിച്ചറിയുന്നതിന് ഉപഭോക്താക്കളെ സഹായിക്കാൻ പുതിയ സൗകര്യം ഒരുക്കുകയാണ് ഫെയ്സ്ബുക്ക്. ഇതിനായി ഫെയ്സ്ബുക്ക് വെരിഫൈഡ് എന്ന പേരിൽ സൗജന്യ വെരിഫിക്കേഷൻ ബാഡ്ജ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചു. ഒരു സെൽഫി വീഡിയോ സ്ഥിരീകരണത്തിന് ശേഷം അക്കൗണ്ട് ഉടമയ്ക്ക് ഈ വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാം.
ഇന്നത്തെ കാലത്ത് എഐ അധിഷ്ഠിത സംവിധാനങ്ങൾക്ക് ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമാണ്. യഥാർത്ഥമെന്ന് തോന്നുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ ചാറ്റ് ചെയ്യാനുമെല്ലാം അതിന് സാധിച്ചേക്കാം. അപരിചിതരായ ആളുകളുമായി ഇടപെടാൻ അവസരം ലഭിക്കുന്ന ഫെയ്സ്ബുക്കിൽ ആളുകൾ കബളിപ്പിക്കപ്പെടാതിരിക്കേണ്ടതുണ്ട്. ഫെയ്സ്ബുക്ക് ഉപയോഗത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത വ്യക്തികൾക്കോ സബ്സ്ക്രിപ്ഷൻ എടുത്തവർക്കോ മാത്രമാണ് നിലവിൽ ഫെയ്സ്ബുക്കിന്റെ വെരിഫിക്കേഷൻ ബാഡ്ജ് ലഭിക്കുക. ഇതിൽ നിന്ന് വ്യത്യസ്തമായി ഫെയ്സ്ബുക്കിന്റെ ദൈനംദിന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഫെയ്സ്ബുക്ക് വെരിഫൈഡ് അവതരിപ്പിച്ചത്.
ഈ ബാഡ്ജ് ലഭിക്കാൻ നേരത്തെ സൂചിപ്പിച്ച പോലെ ഉപഭോക്താക്കൾ അവരുടെ ഒരു ചെറിയ സെൽഫി വീഡിയോ നൽകേണ്ടിവരും. ഈ വീഡിയോ അവരുടെ പ്രൊഫൈലിൽ നിലവിലുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും അക്കൗണ്ട് യഥാർത്ഥ വ്യക്തിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. തീർത്തും സൗജന്യമായി ഈ വെരിഫിക്കേഷൻ പൂർത്തിയാക്കാവുന്നതാണ്. വെരിഫൈഡ് അക്കൗണ്ടുകളിൽ പേരുകൾക്കൊപ്പം വെള്ളപശ്ചാത്തലത്തിലുള്ള കറുപ്പ് ചെക്ക്മാർക്ക് പ്രദർശിപ്പിക്കും.
എന്നാൽ ഇത് ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ ചില സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതായുണ്ട്. തട്ടിപ്പുകൾ, വഞ്ചനാപരമായ പെരുമാറ്റങ്ങൾ അല്ലെങ്കിൽ മറ്റ് സ്കാമുകൾ എന്നിവയുടെ യാതൊരു മുൻകാല ചരിത്രവും ഉപയോക്താവിന്റെ അക്കൗണ്ടിന് ഉണ്ടാകാൻ പാടില്ല. ഈ ഫീച്ചർ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് കുറഞ്ഞത് 18 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം. അക്കൗണ്ട് വെരിഫൈ ചെയ്തു കഴിഞ്ഞാലും, ഉപയോക്താക്കൾ തുടർന്നും ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകളും കൊമേഴ്സ് പോളിസികളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണ്.
ഒരു അക്കൗണ്ട് ഒരു യഥാർത്ഥ വ്യക്തിയുടേതാണെന്ന് വെരിഫിക്കേഷൻ ബാഡ്ജ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും, പ്ലാറ്റ്ഫോമിലെ പൂർണ്ണമായ സുരക്ഷയോ ഉപയോക്താവിന്റെ സ്വഭാവമോ ഫെയ്സ്ബുക്ക് ഇതുവഴി ഗ്യാരണ്ടി നൽകുന്നില്ല എന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.