‘കൃത്രിമ സൂര്യനെ’ സൃഷ്ടിക്കാനുള്ള നീക്കത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് നടത്തി ചൈന. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകണ്ടക്റ്റിങ് ഫ്യൂഷൻ മാഗ്നെറ്റിന്റെ നിർമാണം അവർ പൂർത്തിയാക്കുകയും പരീക്ഷിക്കുകയും ചെയ്തു. ന്യൂക്ലിയർ ഫ്യൂഷനി (അണുസംയോജന പ്രക്രിയ)ലൂടെ ശുദ്ധവും പരിധിയില്ലാത്തതുമായ ഊർജം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
2030 ഓടെ ഫ്യൂഷൻ പവർ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചൈനയുടെ വലിയ പദ്ധതിയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. കാർബൺ രഹിത ഊർജത്തിന്റെ ആത്യന്തിക ഉറവിടം സ്വന്തമാക്കുന്നതിനുള്ള മത്സരത്തിൽ ഒന്നാമതെത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണിത്. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സാണ് സൂപ്പർകണ്ടക്റ്റിങ് മാഗ്നെറ്റ് വികസിപ്പിച്ചത്. 21 മീറ്റർ നീളവും 12 മീറ്റർ വീതിയും 582 ടൺ ഭാരവുമുള്ള ഒരു വലിയ ഡി-ആകൃതിയിലുള്ള ഘടനയാണിത്.
എന്താണ് കൃത്രിമ സൂര്യൻ?
സൂര്യന് ഊർജ്ജം നൽകുന്ന അതേ പ്രക്രിയ പുനരാവിഷ്കരിക്കുന്ന ഒരു ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറിനെയാണ് കൃത്രിമ സൂര്യൻ എന്ന് ചൈന വിശേഷിപ്പിക്കുന്നത്. ഇത് 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയിൽ ഹൈഡ്രജൻ ആറ്റങ്ങളെ സംയോജിപ്പിക്കും. കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കാതെ വലിയ അളവിൽ ഊർജ്ജം ഉത്പാദിപ്പിക്കുകയും ചെയ്യും. ഭാവിയിൽ ഇത് പരിധിയില്ലാത്തതും ശുദ്ധവും സുരക്ഷിതവുമായ വൈദ്യുതിയുടെ ഉറവിടമായി മാറുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
ലോകത്തിലെ ഏറ്റവും വലിയ മാഗ്നെറ്റിന്റെ നിർമാണം
ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഫ്യൂഷൻ റിയാക്ടർ സൂപ്പർകണ്ടക്റ്റിങ് മാഗ്നെറ്റാണ് തങ്ങളുടേതെന്ന് ചൈനീസ് ഗവേഷകർ പറയുന്നു. ഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടറിനായി (ITER) വികസിപ്പിച്ച സമാന മാഗ്നെറ്റുകളുടെ 1.3 മടങ്ങ് വ്യാപ്തിയുള്ളതാണ് ഇത്. റിയാക്ടറിലെ പ്ലാസ്മയെ (ഏകദേശം 10 കോടി ഡിഗ്രി സെൽഷ്യസ് താപനിലയിലെത്തുന്ന സൂപ്പർഹീറ്റഡ് വാതകം) ഭിത്തികളിൽ സ്പർശിക്കാതെ ട്രാപ്പ് ചെയ്യാൻ വളരെ ശക്തമായ കാന്തികക്ഷേത്രം സൃഷ്ടിക്കുക എന്നതാണ് മാഗ്നെറ്റിന്റെ ദൗത്യം.
വലിയ മാഗ്നെറ്റിനൊപ്പം ഉയർന്ന താപനിലയിലുള്ള സൂപ്പർകണ്ടക്റ്റിങ് സെൻട്രൽ സോളിനോയിഡ് കോയിലും വിജയകരമായി ഗവേഷകർ പരീക്ഷിച്ചു. ഫ്യൂഷൻ റിയാക്ടറിന്റെ ഹൃദയമായി ഇവയെ വിശേഷിപ്പിക്കപ്പെടുന്നു. കാർ എഞ്ചിനിലെ സ്പാർക്ക് പ്ലഗ് പോലെ ഫ്യൂഷൻ പ്രതിപ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്ലാസ്മയെ ജ്വലിപ്പിക്കാനും നിലനിർത്താനും ഈ ഘടകം സഹായിക്കുന്നു.
ഈ രണ്ട് സാങ്കേതികവിദ്യകളും പൂർണ്ണമായും തദ്ദേശീയ നിർമാണ വസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണെന്ന് ചൈന അവകാശപ്പെടുന്നു. വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ചൈനയ്ക്ക് കഴിയുമെന്നും അവർ പറയുന്നു.
Leave a Comment
Your comment will be visible after admin approval.