ഒട്ടാവ : കാനഡയുടെ തലസ്‌ഥാനമായ ഒട്ടാവയ്‌ക്കടുത്തുള്ള ടൗൺഷിപ്പിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്‌ചയാണ് ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ നിന്നുള്ള 27 വയസ്സുകാരനായ ധർമേഷ് കതിരിയ കൊല്ലപ്പെട്ടത്.
ഒന്റാറിയോയിലെ റോക്ക്‌ലാൻഡിൽ ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്ന ധർമേഷ് കതിരിയ കെട്ടിടത്തിലെ പൊതുവായ അലക്കു മുറിയിൽ നിന്ന് പുറത്തുവരുമ്പോൾ അയൽക്കാരൻ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 60 വയസ്സ് തോന്നിക്കുന്ന ഒരു വെള്ളക്കാരനാണ് അക്രമം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ വർഷമാണ് കതിരിയയുടെ ഭാര്യ കാനഡയിൽ എത്തിയത്. സംഭവം നടക്കുമ്പോൾ ഭാര്യയുടെ നിലവിളി കേട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
2019ൽ രാജ്യാന്തര വിദ്യാർഥിയായി കാനഡയിലെത്തിയ കതിരിയ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുകയായിരുന്നു. കതിരിയ മാനേജരായി ജോലി ചെയ്തിരുന്ന റോക്ക്‌ലാൻഡിലെ മിലാനോ പിസ്സയ്ക്ക് സംഭവത്തെ തുടർന്ന് ഉടമസ്ഥർ അവധി നൽകി.
സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും ദുഃഖിതരായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുന്നതിന് പ്രാദേശിക കൂട്ടായ്‌മയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.