വാഷിങ്ടൻ: ചൈനയ്ക്കു മേൽ 104 ശതമാനം അധികത്തീരുവ ഏർപ്പെടുത്തി യുഎസ്. അധികത്തീരുവ ബുധനാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് വ്യക്തമാക്കി. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും അധികമായി 50 ശതമാനം തീരുവ കൂടി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞയാഴ്ച യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകൾക്കെതിരെ ചൈന പ്രതികാര നടപടികൾ എടുത്തതിനു പിന്നാലെയായിരുന്നു താക്കീത്.
ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനം കൂടി ഉയർത്തി 104 ശതമാനമാക്കിയ ട്രംപിനോട് കടുത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്. സ്വന്തം ഇഷ്ടത്തിനു വഴങ്ങണമെന്ന് അമേരിക്ക നിർബന്ധം പിടിച്ചാൽ അവസാനം വരെ പോരാടുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ ഭീഷണി തെറ്റിനു മുകളിലെ തെറ്റാണെന്നും ഇതിനു ബ്ലാക്ക്മെയിലിങ്ങിന്റെ സ്വഭാവമാണെന്നും മന്ത്രാലയം പറഞ്ഞു.