കലിഫോർണിയ : രാജ്യാന്തര വിദ്യാർഥികൾക്ക് കടുത്ത തിരിച്ചടിയാകുന്ന ബിൽ പാസാക്കാൻ യുഎസ് സ്റ്റേറ്റ് കോൺഗ്രസിൽ നീക്കം. സയൻസ്, ടെക്നോളജി, എൻജിനീയറിങ് (STEM) വിദ്യാർഥികൾക്കുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒപിടി) അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചു. ഒപിടി സൗകര്യം വഴി രാജ്യാന്തര വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം മൂന്നു വർഷം വരെ യുഎസിൽ താമസിച്ച് ജോലി ചെയ്യാൻ സാധിച്ചിരുന്നു.
ഈ നീക്കം ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രഫഷനൽ എക്സ്പീരിയൻസിനും തുടർന്ന ദീർഘകാല തൊഴിൽ വീസയിലേക്ക് മാറുന്നതിനും ഇന്ത്യൻ വിദ്യാർഥികൾക്ക് ഒപിടി പ്രയോജനപ്പെടുത്തിയിരുന്നു. 2023-2024 അധ്യയന വർഷത്തിൽ അമേരിക്കയിലെത്തിയ രാജ്യാന്തര വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനത്തിലധികം വർധനയാണ് കഴിഞ്ഞ അധ്യായന വർഷം ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.
ഇത്തവണ ഒപിടിക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 41 ശതമാനത്തിലധികം വർധനവുണ്ടായി.മുൻപ് ഒപിടി നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. എന്നാൽ നിലവിൽ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഇത്തരമൊരു ബിൽ അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.