വാഷിങ്ടൻ : യുഎസിലെ 6,000-ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു. കുടിയേറ്റക്കാർക്ക് ജോ ബൈഡൻ സർക്കാരിന്റെ കാലത്തെ പദ്ധതികൾ പ്രകാരം യുഎസിലേക്കു പ്രവേശിക്കാനും താൽക്കാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു. എന്നാൽ ഇവരെ മരിച്ചവരായി കണക്കാക്കുന്ന കടുത്ത നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കുകയും അവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇവർക്കു മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ട്രംപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ ‘സ്വയം നാടുകടത്താനും’ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎസ് സർക്കാരിന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. സാമൂഹിക സുരക്ഷാ നമ്പറുകൾ ഇല്ലാതാക്കുന്നതു വഴി, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളിൽനിന്ന് ഇവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരിക്കുകയാണ്. ബൈഡൻ സർക്കാരിന്റെ കാലത്ത് യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.