അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ

Global Indian Writer · November 12, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഫീനിക്സ് (അരിസോണ): അരിസോണ സംസ്ഥാന സെനറ്റിനെ നയിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായി 42-കാരിയായ ഡെമോക്രാറ്റിക് നേതാവ് പ്രിയ സുന്ദരേശൻ തിരഞ്ഞെടുക്കപ്പെട്ടു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ അരിസോണയിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്ര വിജയത്തിന് പിന്നാലെയാണ് സെനറ്റ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രിയയുടെ തിരഞ്ഞെടുപ്പ്.

1992-ന് ശേഷം ആദ്യമായാണ് അരിസോണ സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുന്നത്. ആറ് പതിറ്റാണ്ടിനിടെ ആദ്യമായി സംസ്ഥാനത്തെ സെനറ്റും ഗവർണർ പദവിയും പാർട്ടി കൈപ്പിടിയിലൊതുക്കുന്ന സാഹചര്യത്തിലാണ് പ്രിയ സുന്ദരേശൻ തലപ്പത്തെത്തുന്നത്. നിലവിൽ സെനറ്റിലെ പ്രതിപക്ഷ നേതാവായ ഇവർ ജനുവരിയിൽ പുതിയ ചുമതല ഏറ്റെടുക്കും.

തീവ്ര രാഷ്ട്രീയ നിലപാടുകളെ അരിസോണയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്ന് പ്രിയ സുന്ദരേശൻ പ്രതികരിച്ചു. സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും മുൻഗണന നൽകുമെന്നും അവർ വ്യക്തമാക്കി.

അരിസോണയിലെ ടക്സണിൽ ജനിച്ച പ്രിയ, എം.ഐ.ടിയിൽ (MIT) നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിലും അരിസോണ സർവകലാശാലയിൽ നിന്ന് നിയമത്തിലും നാച്ചുറൽ റിസോഴ്സ് ഇക്കണോമിക്സിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ രംഗത്തും വോട്ടവകാശ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.