തിരുവനന്തപുരം: മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനറായ സമിതിയിൽ പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎൽഎ, വിഷ്ണു മോഹൻ എംഎൽഎ, വാക്കനാട് രാധാകൃഷ്ണൻ, സി എ അജീർ എന്നിവരാണ് അംഗങ്ങൾ.
മുഖ്യമന്ത്രി വി. ഡി സതീശനാണ് ഉപസമിതിയെ പ്രഖ്യാപിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. എക്സൈസ് വകുപ്പ് തയ്യാറാക്കിയ പുതിയ കരട് മദ്യനയം ഉപസമിതിയിലെ അംഗങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം നയപരമായ നിലപാട് യുഡിഎഫിനെ അറിയിക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് കടക്കുക.
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിപണനവും ഉപയോഗവും സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നതാണ് ഉപസമിതിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. കൂടാതെ ബാർ ലൈസൻസുകൾ, ബാറുകളുടെ പ്രവർത്തന സമയം ക്രമീകരിക്കൽ തുടങ്ങിയ കാര്യങ്ങളിലും സമിതി പരിശോധന നടത്തും.
ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ഇനി ബാർ ലൈസൻസ് അനുവദിക്കേണ്ടതില്ലെന്ന നിർദ്ദേശം, ബാറുകളുടെ പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയായി പുനഃക്രമീകരിക്കുക തുടങ്ങിയ ശിപാർശകളും നിയന്ത്രണങ്ങളുമാണ് എക്സൈസിൻ്റെ കരടിലുള്ളത്. സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ യുഡിഎഫ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുക എന്നതുകൊണ്ട് ഏഴംഗ സമിതിയുടെ റിപ്പോർട്ട് നിർണായകമായിരിക്കും.
കോൺഗ്രസിന് പുറമെ കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി തുടങ്ങിയ ഘടകകക്ഷികളുടെ പ്രതിനിധികളും സമിതിയിലുണ്ട്. എന്നാൽ, മദ്യനയവുമായി ബന്ധപ്പെട്ട സമിതികളിൽ പൊതുവേ അംഗമാകാറില്ലാത്ത മുസ്ലിം ലീഗ് പ്രതിനിധികളെ ഈ ഉപസമിതിയിലും ഉൾപ്പെടുത്തിയിട്ടില്ല.
Leave a Comment
Your comment will be visible after admin approval.