മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ആ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞതാണെന്നും വെള്ളാപ്പള്ളി

Global Indian Writer · November 26, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ മുൻകാല വിമർശനങ്ങളിൽ നിന്ന് മലക്കം മറിഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ആ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞതാണെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. സതീശനുമായി അന്നും ഇന്നും യാതൊരു പിണക്കവുമില്ലെന്നും, പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അദ്ദേഹത്തിന് പക്വത കുറവുണ്ടായിരുന്നതിനാലാണ് വിഷയാധിഷ്ഠിതമായി വിമർശിച്ചതെന്നും എന്നാൽ മുഖ്യമന്ത്രിയായതോടെ സതീശന് പക്വത വന്നുവെന്നും അദ്ദേഹം പറഞ്ഞു. സതീശന് ഭ്രാന്താണെന്ന് പറയാൻ തനിക്ക് ഭ്രാന്തുണ്ടോ എന്നും കണിച്ചുകുളങ്ങരയിൽ വന്നാൽ അദ്ദേഹത്തെ തീർച്ചയായും സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.


എൻഎസ്എസിനെ പരോക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി തന്റെ വീട്ടിലേക്ക് ആരും വരുന്നത് താൻ നിഷേധിച്ചിട്ടില്ലെന്നും അവിടെ കയറിപ്പോകരുതെന്ന് പറഞ്ഞത് ചങ്ങനാശ്ശേരിക്കാരാണെന്നും പരിഹസിച്ചു. എൻഎസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യമാണെന്നും മുഖ്യമന്ത്രിയായ ശേഷം സതീശൻ തന്നെ വിളിക്കുകയോ താൻ അങ്ങോട്ട് വിളിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിൽ ചക്കളത്തിപ്പോരും കോൺഗ്രസിൽ തമ്മിൽത്തല്ലും സ്വാഭാവികമാണെന്നും എന്നാൽ പിന്നീട് അവർ ഒന്നിക്കുമെന്നും പറഞ്ഞ വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് കൂടുതൽ സ്ഥാനങ്ങൾ നൽകിയോ ഇല്ലയോ എന്നതിൽ തനിക്ക് പരാതിയില്ലെന്നും പറഞ്ഞു.

ജയരാജനെതിരെ വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചു. പി. ജയരാജൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രതിപക്ഷമാണെന്നും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റുപോയതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തുകൊല്ലം ഭരിച്ചപ്പോൾ എല്ലാം മറന്നെന്നും രണ്ടാമത്തെ ടേമിൽ എന്തൊക്കെയാണ് കാണിച്ചതെന്ന് ജനങ്ങൾ കണ്ടതാണെന്നും വിമർശിച്ച വെള്ളാപ്പള്ളി, എസ്എൻഡിപിയുടെ പരമ്പരാഗത വോട്ടുകൾ പോലും ലഭിച്ചില്ലായിരുന്നെങ്കിൽ എൽഡിഎഫിന് ഇതിലും വലിയ പരാജയം സംഭവിക്കുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. പിണറായി വിജയൻ നിലപാടുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ കാറിൽ കയറിയതിൽ ഒരു തെറ്റുമില്ലെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.