വന്ദേമാതരത്തെ അപമാനിക്കുന്നതും ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹം: ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ 

Global Indian Writer · July 19, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതും അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിക്കുക. 

ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് നിലവിൽ ലഭിക്കുന്ന അതേ നിയമപരിരക്ഷയും പദവിയും വന്ദേമാതരത്തിനും ഉറപ്പാക്കുകയാണ് ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി 1971-ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ ഭേദഗതി വരുത്തും. നിലവിൽ ദേശീയ പതാക, ഇന്ത്യൻ ഭരണഘടന, ദേശീയഗാനം എന്നിവയെ അവഹേളിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഈ നിയമത്തിലുണ്ട്. പുതിയ ഭേദഗതിയിലൂടെ വന്ദേമാതരത്തെ കൂടി ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും.

നിലവിൽ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിനെതിരെ പ്രത്യേക നിയമവ്യവസ്ഥകൾ നിലവിലില്ല. പുതിയ ബിൽ നിയമമാകുന്നതോടെ, വന്ദേമാതരം ആലപിക്കുന്നത് തടയുന്നതോ അല്ലെങ്കിൽ ഗീതം ആലപിക്കുന്ന ഒരു ചടങ്ങിൽ മനഃപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുന്നതോ ക്രിമിനൽ കുറ്റമായി മാറും. വന്ദേമാതരത്തിന്റെ 150-ാം വാർഷികം പ്രമാണിച്ചാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

ദേശീയഗാനം ആലപിക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ദേശീയഗീതമായ വന്ദേമാതരവും ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.