റഫ: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രയേൽ ഗാസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ഗാസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
എന്നാൽ ഹമാസിൻ്റെ ഭീകര കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ഗാസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.