THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'ഇത് 'കലങ്ങിമറിയൽ' സീസൺ; സമുദായങ്ങളിലും രാഷ്ടീയത്തിലും' ജെയിംസ് കൂടൽ എഴുതുന്നു

‘ഇത് ‘കലങ്ങിമറിയൽ’ സീസൺ; സമുദായങ്ങളിലും രാഷ്ടീയത്തിലും’ ജെയിംസ് കൂടൽ എഴുതുന്നു

പാലാ ബിഷപ് നടത്തിയ ‘നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തൽ’ മലയാളി സമൂഹത്തിനുണ്ടാക്കിയ ‘കലങ്ങിമറിയൽ’ പുറമേക്ക് ശാന്തമായി വരികയാണ്; അത്രയും നല്ലത്. എങ്കിലും ഉൾച്ചുഴികൾ ഇല്ലെന്നല്ല. ബന്ധപ്പെട്ട സംഘടനകൾ ഇനിയെങ്കിലും തങ്ങളുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തുമെന്നും കേരളത്തിലെ മതേതര സമൂഹത്തിന് നിരക്കാത്ത പ്രവർത്തികളിൽ നിന്നും പിന്തിരിയുമെന്നും പ്രത്യാശിക്കാം. ഒപ്പം, മറ്റുള്ളവരുടെ പ്രതികരണങ്ങളും ക്രിയാത്മകമായ ചർച്ചയും പരിഹാരവും എന്ന നിലയിലേക്ക് മാത്രം നീങ്ങുമെന്നും.
വിവാദം ആളിക്കത്തിയപ്പോൾ, മുഖ്യമായും രണ്ട് ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ അസ്വാരസ്യത്തെ കൈകാര്യം ചെയ്യുന്നതിൽ ‘ന്യൂനപക്ഷ സംരക്ഷകരെന്ന ലേബൽ’ പേറുന്ന ഇടതു വലതു മുന്നണികളുടെ പരിമിതിയും പൊതുജനത്തിന് ബോധ്യമായി എന്നുള്ളതും മറ്റൊരു കാര്യം.

ഏതായാലും പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫും വിവാദം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കാണുവാൻ ആഗ്രഹിക്കുന്നു എന്നതും ഭരണപക്ഷം അതിനെ അനുകൂലമാണെന്നതും ശുഭോദർക്കമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും പാലാ ബിഷപ് ഉയർത്തിയ ഒരു സാമുദായിക പ്രശ്‌നം എന്നതിൽ നിന്ന് മാറി, ഇപ്പോൾ രാഷ്ട്രീയ പ്രശ്‌നമായി തീർന്നിട്ടുണ്ട് തീവ്രവാദി സംഘടനകളുടെ കേരളത്തിലെ പ്രവർത്തനങ്ങൾ.
പ്രഫഷനൽ കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിൻറെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമമെന്ന സിപിഎം പരാമർശം എന്തടിസ്ഥാനത്തിൽ ആണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചോദിക്കുന്നു. പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിലെ കാര്യങ്ങൾ ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നർക്കോട്ടിക് ജിഹാദും ലൗ ജിഹാദുമൊന്നും പറയാതെ കാര്യം വിശദീകരിക്കുകയാണ് സിപിഎം. പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. സി പി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നേതാക്കൾക്ക് നൽകിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

അതായത് ലൗ ജിഹാദ് ഉണ്ടെന്ന് പറയാതെ അക്കാര്യം സമ്മതിക്കുകയാണ് സിപിഎം. െ്രെകസ്തവ ജനവിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്ക് കീഴ്‌പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും കുറിപ്പിലുണ്ട്. അടുത്തകാലത്തായി കേരളത്തിൽ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവത്തിൽ കാണണം. മുസ്ലിംകൾക്കെതിരെ ക്രിസ്ത്യൻ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. വിശദീകരിക്കുന്നു.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിർദേശവും സിപിഎം നൽകുന്നു. ക്ഷേത്രവിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കാൻ ആരാധനാലയങ്ങൾ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വിശ്വാസികളെ വർഗീയവാദികളുടെ കയ്യിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും കുറിപ്പിൽ നിർദ്ദേശം നൽകുന്നു.
പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്യുമ്പോഴാണ് യുവതികളെ തീവ്രവാദികളാക്കാൻ ബോധപൂർവ്വ ശ്രമങ്ങൾ നടക്കുന്നുവെന്ന് ബിഷപ്പ് വിശദീകരിക്കുന്നത്.
പാലാ ബിഷപ്പിന്റെ പ്രസ്താവനയും തുടർന്നുള്ള പ്രചാരണങ്ങളും വിവാദമായ സാഹചര്യത്തിനിടെയാണ് സിപിഎമ്മിലെ രേഖയും പുറത്തു വരുന്നത്.
അതേസമയം, സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. പെൺകുട്ടികളെ വശത്താക്കാൻ ഒരുസംഘമുണ്ടെന്ന് സിപിഎം തന്നെ കുറിപ്പിറക്കി. ഇതുതന്നെയാണ് ലൗ ജിഹാദെന്ന് സിപിഎം സമ്മതിക്കണമെന്ന് സുരേന്ദ്രൻ കാസർകോട്ട് പറഞ്ഞു. പ്രഫഷനൽ കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ ‘യുവതികളെ’ തീവ്രവാദത്തിൻറെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നെന്നാണു സിപിഎം ആരോപിച്ചത്. സുരേന്ദ്രൻ പറഞ്ഞു.
ഇതിനിടെ, സംഘടനാ അച്ചടക്കത്തിന് മാർഗരേഖയുണ്ടാക്കി സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ എത്തിക്കാനുള്ള ശ്രമം നടത്തുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതാണ് മുൻനിര നേതാക്കളായിരുന്നവരുടെ കൊഴിഞ്ഞുപോക്ക്.

കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിന് പിന്നാലെ അടുത്തകാലം വരെയും കെ.പി.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാറും പാർട്ടിവിട്ട് സി.പി.എമ്മിൽ ചേർന്നതിന്റെ അമ്പരപ്പിലാണ് നേതൃത്വം; പുറമേ കാട്ടുന്നില്ലെങ്കിലും. പി.സി.ചാക്കോ, കെ.സി.റോസക്കുട്ടി, പി.എം.സുരേഷ് ബാബു, പി.എസ്.പ്രശാന്ത് എന്നിവർക്കു പിന്നാലെയാണ് അനിൽ കുമാറും കെപിസിസി മുൻ ജനറൽ സെക്രട്ടറി ജി.രതികുമാറും ഇടതു പാളയത്തിൽ പ്രവേശിക്കുന്നത്. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെ ചൊല്ലിയുയർന്ന കലാപം ഒരുവിധം അടങ്ങിയതിൽ നേതൃത്വം ആശ്വാസം കൊള്ളുമ്പോഴാണ് അനിൽകുമാറിന്റെ അപ്രതീക്ഷിത രാജി. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ നിയമനത്തിൽ അസംതൃപ്തിയുള്ളവർക്ക് ഇനിയും പാർട്ടി വിട്ടു പോകാൻ പ്രചോദനമേകുന്നതാണ് നേതൃനിരയിലെ സജീവമുഖമായിരുന്ന അനിൽകുമാറിന്റെ ചുവടുമാറ്റമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്.

കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും അവശേഷിക്കുന്ന പുനഃസംഘടനകൾ പൂർത്തിയാക്കാൻ ശ്രമമാരംഭിച്ച നേതൃത്വം അതിനാൽ സമ്മർദ്ദത്തിലാകുമെന്ന് ഗ്രൂപ്പ് നേതൃത്വങ്ങൾ കണക്കുകൂട്ടുന്നു.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനരീതിയിൽ അതൃപ്തിയറിയിച്ച്, ചാനൽചർച്ചയിൽ നേതൃത്വത്തെ കടന്നാക്രമിച്ച കെ.പി. അനിൽകുമാറിനെയും മുൻ എം.എൽ.എ കെ.ശിവദാസൻ നായരെയും സസ്‌പെൻഡ് ചെയ്തിരുന്നു. വിശദീകരണം തേടാതെയാണ് സസ്പെൻഷനെന്ന വിമർശനം മുതിർന്ന നേതാക്കളടക്കം ഉയർത്തിയതോടെ ഇരുവരോടും നേതൃത്വം വിശദീകരണം തേടി. ശിവദാസൻ നായർ തെറ്റ് സമ്മതിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. അനിൽകുമാർ തെറ്റ് സമ്മതിച്ചില്ല. സസ്‌പെൻഷൻ പിൻവലിക്കാത്തതിൽ മാത്രമല്ല, വിശദീകരണം നൽകിയശേഷം ഇതുവരെ ഒരു തരത്തിലുള്ള ആശയവിനിമയത്തിനും നേതൃത്വം തയാറാകാത്തതിലും പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് അനിൽകുമാറിന്റെ വാദം.

വാൽക്കഷണം
ഇത് സമുദായങ്ങളിലും രാഷ്ടീയത്തിലും
‘കലങ്ങിമറിയൽ’ സീസൺ ആണെന്നു തോന്നുന്നു.
കേരള കോൺഗ്രസ്എമ്മിനെയും ജോസ് കെ.മാണിയെയും ഇടിച്ചുതാഴ്ത്തുന്ന സി.പി. ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ഇടതുമുന്നണിക്കകത്ത് അസ്വസ്ഥത.
മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ പരാതിയുമായി ഹരിത, വനിതാവിഭാഗം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments