ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ ദശാബ്ദങ്ങളായി നടന്നു വരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച മോദി സര്‍ക്കാരിന്റെ നടപടി ഫാസിസവും, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹി സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് എല്ലാ വര്‍ഷവും നടത്തുന്ന കുരുത്തോല പ്രദക്ഷിണത്തിന് ഞായറാഴ്ച ദിവസത്തെ ഗതാഗത തടസവും ക്രമസമാധാന ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ അനുമതി നിഷേധിച്ചത്. ഞായറാഴ്ചകളിലും മറ്റ് ദിവസങ്ങളിലും രാഷ്ട്രീയ സംഘടനകളുടെയും മറ്റു മതസംഘടനകളുടെയും ജാഥയും പ്രകടനവുമൊക്കെ നടത്താൻ അനുവദിക്കുന്ന സാഹചര്യമാണ് ഡല്‍ഹിയില്‍ നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യൻ സമൂഹം വിശുദ്ധവാരത്തോടനുബന്ധിച്ച് നടത്തുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ബിജെപി സർക്കാരിന്റെ നടപടി ക്രിസ്ത്യാനികള്‍ക്കെതിരേ രാജ്യത്തു നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും ഒടുവിൽ ഉണ്ടായ സംഭവമാണ്. ഒഡീഷ്യയില്‍ പള്ളിയില്‍ കയറി മലയാളി വൈദികന്‍ ഫാ ജോഷി ജോര്‍ജിനെ മര്‍ദിച്ചതും ഛത്തീസ്ഗഡിലെ ഹോളിക്രോസ് നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടതും കന്യാസ്ത്രീക്കെതിരേ കേസെടുത്തതും സമീപകാലത്താണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്കെതിരേ തീവ്ര വർഗീയ സംഘടനയായ വിഎച്ച്പിയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കെ. സുധാകരൻ പറഞ്ഞു.