തിരുവനന്തപുരം: നേമത്തെ 60 കാരനായ ഹോട്ടൽ ജീവനക്കാരൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നിൽ മരിച്ചയാളുടെ കൂടെ താമസിച്ചിരുന്ന 71 കാരിയാണെന്ന് കണ്ടെത്തി. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിനെയാണ് മൂന്ന് മാസം മുൻപ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ പൊലീസ് അസ്വാഭിക മരണത്തിന് കേസെടുത്തിരുന്നു. സംഭവത്തിൽ അനന്തകൃഷ്ണൻ്റെ കൂടെ താമസിച്ച് വന്നിരുന്ന 71 കാരിയായ ശാന്തകുമാരി സംശയ നിഴലിലായിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം വീട് വിട്ട ശാന്തകുമാരി പല സ്ഥലങ്ങളിലേയ്ക്ക് മാറി മാറി യാത്ര ചെയ്തതും എവിടെയും സ്ഥിരമായി നിൽക്കാതിരുന്നതുമെല്ലാം പൊലീസിന് കേസ് തെളിയിക്കാൻ പ്രതിസന്ധിയായി. ഒടുവിൽ ഇവരെ ബാലരാമപുരത്തിന് സമീപത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്.