ഗാസയിലെ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി 500 ദിവസത്തെ തടവിനുശേഷം ഹമാസ് കൈമാറിയ ബന്ദികളുടെ സ്ഥിതി വളരെ മോശമാണെന്ന് ഇസ്രയേല്‍. ശനിയാഴ്ചയാണ് ഹമാസ് മൂന്ന് ബന്ദികളെ കൂടി കൈമാറിയത്. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ കിബുട്സ് ബേരിയിൽനിന്ന് ഹമാസ് പിടികൂടിയ ഒഹദ് ബെൻ അമി, ഏലി ഷറാബി എന്നിവരെയും നോവ സംഗീതോത്സവ വേദിയിൽനിന്നു ബന്ദിയാക്കിയ ഒർ ലെവിയെയുമാണ് ഹമാസ് വിട്ടയച്ചത്. മോചിതരായവരുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നു പറഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഇക്കാര്യം വേണ്ടരീതിയിൽ കൈകാര്യം ചെയ്യുമെന്നും സൂചിപ്പിച്ചു. മൂന്നുപേരുടേയും മുമ്പും ശേഷവുമുള്ള ഫോട്ടോകൾ ഇസ്രയേലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കുവച്ചിട്ടുണ്ട്.
മോചിപ്പിക്കുന്നതിന് മുന്നോടിയായി ബന്ദികളുടെ കൈമാറ്റ സമയത്ത് മൂന്ന് പേരെയെയും പൊതുമധ്യത്തില്‍ ഹമാസ് പ്രദര്‍ശിപ്പിച്ചിരുന്നു. ഓട്ടോമാറ്റിക് റൈഫിളുകൾ ധരിച്ചവര്‍ക്കിടയില്‍ നില്‍ക്കുന്ന ബന്ദികളോട് മുഖംമൂടി ധരിച്ച ഒരാൾ ചോദ്യങ്ങൾ ചോദിക്കുന്നതിന്‍റെയും ബന്ദികള്‍ ഉത്തരം നല്‍കുന്നതിന്‍റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ മൂന്നുപേരുടെയും ശരീരം ശോഷിച്ചതായും മൂന്നുപേരും വിളറിവെളുത്ത് ദുര്‍ബലരായി കാണപ്പെടുന്നതായും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ തടവിലാക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ ഇസ്രയേലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കുവച്ചത്. ജനുവരിയിൽ വെടിനിർത്തൽ പ്രകാരം മോചിപ്പിക്കപ്പെട്ട മറ്റ് 18 ബന്ദികളുടെ അവസ്ഥയേക്കാൾ മോശമായിരുന്നു ഒടുവിലായി മോചിപ്പിച്ച ബന്ദികളുടെ അവസ്ഥയെന്ന് ഇസ്രയേല്‍ പറയുന്നു. ബന്ദികളെ പ്രദര്‍ശിപ്പിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ഹമാസിന്‍റെ പ്രവൃത്തിയേ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അപലപിച്ചു.
മോചിപ്പിക്കപ്പെട്ട ഒഹദ് ബെൻ അമിയെ കാണാന്‍ അസ്ഥികൂടം പോലെയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഭാര്യമാതാവ് ചാനൽ 13 ന്യൂസിനോട് പറഞ്ഞു. ഒഹദ് ബെൻ അമിക്ക് കടുത്ത പോഷകാഹാരക്കുറവുള്ളതായി പ്രാഥമിക മെഡിക്കൽ പരിശോധനയില്‍ സ്ഥിരീകരിച്ചതായി ടെൽ അവീവിലെ ഇച്ചിലോവ് മെഡിക്കൽ സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടർ ഗിൽ ഫയർ പറഞ്ഞു. മറ്റ് രണ്ടുപേരുടെയും ആരോഗ്യം മോശമാണെന്നും ആശുപത്രി അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാസയിലെ അന്താരാഷ്ട്ര റെഡ് ക്രോസിന്റെ കമ്മിറ്റിക്ക് കൈമാറി ബന്ദികളെ ഇസ്രയേലില്‍ എത്തിച്ചു.
183 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുന്നത്. ഹമാസിന്റെ ആക്രമണത്തിൽ പങ്കാളികളായവരും ഗാസയിൽനിന്നു കസ്റ്റഡിയിലെടുത്തവരും ഇതിൽപ്പെടുന്നു. ഇസ്രയേലിൽ ചാവേർ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതിന് 18 ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഇയാദ് അബു ഷ്കയിദെമും മോചിപ്പിക്കപ്പട്ടവരിലുണ്ട്.