സാവോ പോളോ : ബ്രസീലിൽ തെരുവിലേക്ക് യാത്രാവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. വെള്ളിയാഴ്ച രാവിലെ സാവോ പോളോയിലെ തെരുവിലേക്കാണ് ചെറിയ യാത്രാ വിമാനം ഇടിച്ചിറങ്ങിയത്. പൈലറ്റ് ഗുസ്താവോ കാർനെയ്‌റോ മെഡെയ്‌റോസ് (44), വിമാനത്തിന്റെ ഉടമയും സമൂഹ മാധ്യമ താരവുമായ മാർസിയോ ലൂസാഡ കാർപെന (49) എന്നിവരാണ് മരിച്ചത്. റോഡിലെ വാഹനങ്ങള്‍ക്കിടയില്‍ പതിച്ച് അഗ്നിഗോളമായ വിമാനത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
പോർട്ടോ അലെഗ്രെയിലേക്ക് പോകുകയായിരുന്ന ബീച്ച് എഫ്90 കിങ് എയർ വിമാനം, രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാവോ പോളോ നഗരമധ്യത്തിനടുത്തുള്ള ബാര ഫണ്ട പരിസരത്തെ തിരക്കേറിയ അവന്യൂവിൽ തകർന്നുവീണതായാണ് റിപ്പോർട്ട്.
തെരുവിലേക്ക് ഇടിച്ചിറങ്ങിയ വിമാനം ബസിന്റെ പുറകിൽ ഇടിച്ചു. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.