ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ച് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കനത്ത സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് റാണയെ പ്രത്യേക എൻ.ഐ.എ കോടതിയിലെത്തിച്ചത്. എൻ.ഐ.എ അഭിഭാഷകരും കോടതിയിലെത്തി. റാണക്ക് വേണ്ടി ഡൽഹി ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെ, ഇന്ത്യയിലെത്തിച്ച ശേഷമുള്ള റാണയുടെ ചിത്രം എൻ.ഐ.എ പുറത്തുവിട്ടു.
വ്യാഴാഴ്ച വൈകീട്ട് 6.30നാണ് യു.എസിൽനിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഡൽഹി പാലത്തെ സൈനിക വിമാനത്താവളത്തിലെത്തിയത്. റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് വ്യാഴാഴ്ച ഡൽഹിയിൽ ഒരുക്കിയിരുന്നത്. ആദ്യം വ്യാഴാഴ്ച രാവിലെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധിയായതോടെ യാത്ര വൈകുകയായിരുന്നുവെന്ന് സുരക്ഷാ അധികൃതർ പറഞ്ഞു.