ജിദ്ദ : സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സംവിധാനം. പാസ്പോർട്ട് പുതുക്കിയാൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ഷിറിൽ സ്വയം അപ്ഡേറ്റ് ചെയ്യാനുളള സൗകര്യമാണ് പുതുതായി ഏർപ്പെടുത്തിയത്. നിലവിൽ സ്പോൺസർക്ക് മാത്രമേ ഇത്തരത്തിൽ പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ.
പ്രവാസികൾക്ക് അവരുടെ കീഴിലുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. സ്വന്തം വിവരങ്ങൾ കൂടി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിനെട്ട് വയസ്സ് കഴിഞ്ഞ ആർക്കും ഇനി മുതൽ സ്വന്തം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. 69 റിയാലാണ് ഇതിന് ഫീസായി നൽകേണ്ടത്. അബ്ഷിർ പ്ലാറ്റ്‌ഫോമിലെ ഖിദ്മാത്തീ, ജവാസാത്ത്, ഹവിയ്യതു മുഖീം സേവനങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യല്‍ എന്നീ ഐക്കണുകള്‍ യഥാക്രമം തിരഞ്ഞെടുത്താണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.